ദില്ലി: ആസിയാന്‍ രാജ്യങ്ങളുമായുള്ള  സഹകരണം ഇന്ത്യക്ക് കൂടുതല്‍ ഗുണകരമാകുമെന്ന് പ്രധാനമന്ത്രി. ബാങ്കോക്കില്‍ പതിനാറാമത് ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുകയായിരുന്നു നരേന്ദ്രമോദി. അതേസമയം ഇന്ത്യയുടെ  നിലപാട് വൈകുന്നതില്‍  ആര്‍സിഇപി കരാര്‍ യാഥാര്‍ത്ഥ്യമാകുന്നത് നീളും. 

തായ്‍ലാന്‍ഡില്‍ ആതിഥ്യത്തെ പുകഴ്ത്തിയാണ് പതിനാറാമത് ആസിയാന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി സംസാരിച്ചു തുടങ്ങിയത്. സമുദ്രസുരക്ഷ, വാണിജ്യം, നിക്ഷേപം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സഹകരണം വേണം. കൃഷി എഞ്ചിനിയറിംഗ്, ഡിജിറ്റല്‍ സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളില്‍ ഇനിയും വളര്‍ച്ച ആവശ്യമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടാന്‍ കര-നാവിക-വ്യോമ ഗതാഗത മാര്‍ഗങ്ങള്‍ കൂടുതല്‍ വികസിപ്പിക്കേണ്ടതുണ്ടെന്നും മോദി പറ‍ഞ്ഞു.

ഉച്ചകോടിയിലെ ഏറ്റവും നിര്‍ണ്ണായക ദിനം നാളെയാണ്. ആര്‍സിഇപി കരാര്‍ ഉച്ചകോടിയില്‍ നാളെ പ്രഖ്യാപിക്കാനായിരുന്നു ചൈനടയക്കമുള്ള രാജ്യങ്ങളുടെ നീക്കം. എന്നാല്‍ ചില ഉത്പന്നങ്ങളുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇന്ത്യ ഉന്നയിച്ച ആശങ്കകള്‍ക്ക് പരിഹാരമായിട്ടില്ല.  കരാര്‍ രൂപീകരണ പ്രഖ്യാപനത്തില്‍ ഇന്ത്യ പങ്കെടുക്കുമെങ്കിലും ജൂണില്‍ സംയുക്ത കരാര്‍ യാഥാര്‍ത്ഥ്യമാക്കാമെന്ന നിര്‍ദ്ദേശമാകും മുന്‍പോട്ട് വയ്ക്കുക. 

ആര്‍സിഇപി കരാറിനെതിരെ ഉയരുന്ന രാഷ്ട്രീയ വിമര്‍ശനവും  കേന്ദ്രസര്‍ക്കാരിനെ പിന്നോട്ടടിക്കുന്നു. ആര്‍എസ്എസ് തന്നെ കരാറിനെ തള്ളിപ്പറഞ്ഞ സാഹചര്യത്തില്‍ പോംവഴിയെന്തെന്നതും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ചോദ്യചിഹ്വനമാകുന്നു.