ഇന്ത്യ സമാധാനത്തിന്‍റെ പക്ഷത്തെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനെ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: ഇന്ത്യ സമാധാനത്തിന്‍റെ പക്ഷത്തെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനെ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യ യുക്രൈൻ സംഘർഷത്തിന് സമാധാനപരമായ പരിഹാരത്തിന് ശ്രമിക്കുകയാണെന്ന് പുടിൻ മോദിയോട് പറഞ്ഞു. ദില്ലിയിൽ ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്ക് മുന്നോടിയായാണ് രണ്ടു നേതാക്കളും നിലപാട് അറിയിച്ചത്. പരസ്പര സഹകരണത്തിനുള്ള നിരവധി കരാറുകളിൽ രണ്ടു രാജ്യങ്ങളും വൈകാതെ ഒപ്പു വയ്ക്കും. റഷ്യ-യുക്രൈൻ സംഘർഷം തീർക്കാനുള്ള ഇടപെടൽ വേണമെന്ന് യൂറോപ്യൻ രാജ്യങ്ങൾ ആവശ്യപ്പെടുമ്പോഴാണ് സമാധാനത്തിനുള്ള നിർദ്ദേശം നരേന്ദ്ര മോദി പരസ്യമായി മുന്നോട്ടു വച്ചത്. സമാധാനം ലോക പുരോഗതിക്ക് ആവശ്യമാണെന്നും മോദി ചൂണ്ടിക്കാട്ടി. പരിഹാരത്തിനുള്ള ശ്രമം താനും തുടരുന്നു എന്ന മറുപടിയാണ് പുടിൻ നല്കിയത്. ഹൈദരാബാദ് ഹൗസിലെ ഇന്ത്യ റഷ്യ വാർഷിക ഉച്ചകോടിയിൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അടക്കം വിഷയങ്ങൾ ചർച്ചയാകും. സൈനിക സഹകരണം കൂട്ടാൻ ധാരണയുണ്ടാകും. ബഹികാരാകാശ, എഐ മേഖലകളിലുൾപ്പടെ യോജിച്ച നീക്കങ്ങൾക്ക് കരാർ ഒപ്പു വയ്ക്കും.

രാവിലെ റഷ്യൻ പ്രസിഡൻറിന് രാഷ്ട്രപതി ഭവനിൽ ആചാരപരമായ വരവേല്പു നല്കിയിരുന്നു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേർന്നാണ് പുടിനെ സ്വീകരിച്ചത്. പിന്നീട് രാജ്ഘട്ടിൽ ഗാന്ധി സമാധിയിലെത്തി പുടിൻ പുഷ്പാർച്ചന നടത്തി. ഇന്നലെ വിമാനത്താവളത്തിൽ നേരിട്ടെത്തി പുടിനെ മോദി സ്വീകരിച്ചിരുന്നു. രണ്ടു പേരും ടൊയോട്ട നിർമ്മിത എസ്യുവിയിൽ ഒന്നിച്ചാണ് എഴ് ലോക് കല്ല്യാൺ മാർഗ്ഗിലെ അത്താഴ വിരുന്നിന് പോയത്. പ്രധാനമന്ത്രിയുടെ റേഞ്ച് റോവർ കാർ ടാറ്റയുടെ ഉടമസ്ഥതതയിൽ നിർമ്മിക്കുന്നതാണെങ്കിലും ബ്രിട്ടീഷ് ബ്രാൻഡ് ആയതിനാലാണ് ഇതിലെ യാത്ര വേണ്ടെന്ന് വച്ചതെന്നാണ് സൂചന. മൂന്നു മണികൂറോളം പുടിൻ പ്രധാനമന്ത്രിയുടെ വസതിയിൽ ഉണ്ടായിരുന്നു. പുടിന് മോദി ഭഗവദ് ഗീതയുടെ റഷ്യൻ തർജ്ജുമ സമ്മാനിച്ചു. ഇന്ന് വ്യവസായികളെ രണ്ടു നേതാക്കളും ചേർന്ന് കാണും. വൈകിട്ട് രാഷ്ട്രപതിയുടെ അത്താഴവിരുന്നിന് ശേഷം 9 മണിക്ക് പുടിൻ റഷ്യയിലേക്ക് മടങ്ങും.