നദ്ദയിൽ നിന്ന് അംഗത്വം പുതുക്കി വാങ്ങി മോദി, ഇത്തവണ 10 കോടി കടക്കുമെന്ന് പ്രതീക്ഷ, ബിജെപി ക്യാമ്പയിന് തുടക്കം
നദ്ദയിൽ നിന്ന് അംഗത്വം പുതുക്കി സ്വീകരിച്ച് മോദി, അംഗത്വം പത്ത് കോടി കടക്കുമെന്ന് പ്രതീക്ഷ, ബിജെപി ക്യാമ്പയിന് തുടക്കം
ദില്ലി: ബിജെപി ദേശീയ അംഗത്വ ക്യാമ്പയിന് തുടക്കമായി. ദില്ലിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പാർട്ടി അധ്യക്ഷൻ ജെ പി നദ്ദയിൽ നിന്നും അംഗത്വം പുതുക്കി സ്വീകരിച്ചു. കേന്ദ്രമന്ത്രിമാരായ അമിത് ഷായും, രാജ്നാഥ് സിംഗും അടക്കമുള്ളവർ പങ്കെടുത്തു.
ഇത്തവണ ആകെ അംഗത്വം പത്ത് കോടി കടക്കുമെന്നാണ് നേതൃത്ത്വത്തിന്റെ പ്രതീക്ഷ. ഉൾപ്പാർട്ടി ജനാധിപത്യം മുറുകെ പിടിക്കുന്ന പാർട്ടി ബിജെപി മാത്രമാണെന്നും, അതില്ലാത്ത പാർട്ടികൾക്ക് എന്ത് സംഭവിച്ചുവെന്നതിന് നമുക്ക് ചുറ്റും ഉദാഹരണങ്ങളുണ്ടെന്നും മോദി പറഞ്ഞു.
അതേസമയം, കേരളത്തിൽ പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിതാര ബിജെപിയിൽ ചേർന്നു. തൃശ്ശൂർ സ്വദേശിയായ ഇദ്ദേഹം ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ് കുമാറി നിന്ന് അംഗത്വം സ്വീകരിച്ചു. ബിജെപിയുടെ ജില്ലാ തല അംഗത്വ പ്രചാരണത്തിന് തുടക്കം കുറിച്ചു കൊണ്ടായിരുന്നു മോഹൻ സിതാര അംഗത്വമെടുത്തത്.
ബിജെപി മണ്ഡലം പ്രസിഡൻറ് രഘുനാഥ് സി മേനോൻ, സംസ്ഥാന കമ്മറ്റിയംഗം മുരളി കൊളങ്ങാട്ട്, മണ്ഡലം ജനറൽ സെക്രട്ടറി സുശാന്ത് അയിനിക്കുന്നത്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഇന്ന് വൈകിട്ട് 5 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർട്ടി അംഗത്വം പുതുക്കിയതോടെയാണ് ബിജെപി അംഗത്വ പ്രചാരണത്തിന് തുടക്കമായത്. തൃശ്ശൂർ ജില്ലയിൽ 7 ലക്ഷം പേരെ അംഗങ്ങളാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഒക്ടോബർ 15 വരെയാണ് അംഗത്വ പ്രചരണം.