പ്രതിപക്ഷത്തിന്റെ ലക്ഷ്യം ഭീകരവാദത്തിനെതിരെ പോരാടുകയല്ലെന്നും തനിക്കെതിരെയുള്ള പോരാട്ടത്തിലാണ് അവർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും മോദി രൂക്ഷഭാഷയിൽ വിമർശിച്ചു.

അഹമ്മദാബാദ്: ഭീകരവാദത്തിനെതിരെയുള്ള പ്രതിപക്ഷ നിലപാടിനെതിരെ വീണ്ടും ആഞ്ഞടിച്ച് നരേന്ദ്ര മോദി. പ്രതിപക്ഷത്തിന്റെ ലക്ഷ്യം ഭീകരവാദത്തിനെതിരെ പോരാടുകയല്ലെന്നും തനിക്കെതിരെയുള്ള പോരാട്ടത്തിലാണ് അവർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും മോദി രൂക്ഷഭാഷയിൽ വിമർശിച്ചു. ''എന്നെ ഒഴിവാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. അവരുടെ ആവശ്യം മോദിയെ ഇല്ലാതാക്കുകയാണ്. എന്നാൽ ഞാൻ ശ്രമിക്കുന്നത് അഴിമതി ഇല്ലായ്മ ചെയ്യാനാണ്. അവർ പോരാടുന്നത് എനിക്കെതിരെയാണ്. എന്നാൽ ഞാൻ സമരം ചെയ്യുന്നത് ഭീകരതയ്ക്കെതിരെയാണ്.'' മോദി പറഞ്ഞു. 

അസംഘടിത മേഖലയിലുള്ളവർക്കായി പ്രഖ്യാപിച്ചിരിക്കുന്ന 'പ്രധാനമന്ത്രി ശ്രം യോ​ഗി മൻധൻ യോജന' പെൻഷൻ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രസം​ഗിക്കുകയായിരുന്നു മോദി. തന്നെ ഒഴിവാക്കാൻ പ്രതിപക്ഷം അക്ഷീണം പരിശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി നിശ്ചയദാർഢ്യത്തോടെ നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.