ദില്ലി:രാജ്യത്തെ വ്യവസ്ഥിതികളിൽ വിശ്വാസമർപ്പിക്കുകയും അത് ശരിയായ വിധത്തിൽ പ്രവർത്തിക്കാത്ത സമയങ്ങളിൽ ചോദ്യമുയർത്തുകയും അതിനെതിരെ പ്രതിഷേധിക്കുകയും ചെയ്യുന്ന യുവജനങ്ങളെ അഭിനന്ദിച്ച് നരേന്ദ്ര മോദി. 2019 ലെ അവസാന മൻകി ബാത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തെ യുവാക്കള്‍ അസ്ഥിരതയ്ക്കും അരാജകത്വത്തിനും എതിരാണെന്നും ജാതീയതയെയും സ്വജനപക്ഷപാതത്തെയും അവർ വെറുക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

''രാജ്യത്തെ യുവാക്കള്‍ വ്യവസ്ഥിതിയിൽ വിശ്വസിക്കുന്നവരാണ്. അത് നേരായ രീതിയിൽ അല്ലാതെയാകുമ്പോൾ അവരതിനെ ചോദ്യം ചെയ്യുന്നു. അതൊരു നല്ലകാര്യമാണെന്ന് ഞാൻ കരുതുന്നു. അവര്‍ക്ക് രാജ്യത്തെ ഏത് നടപടിയെയും ചോദ്യം ചെയ്യാന്‍ അവകാശമുണ്ട്. അതിനെ ബഹുമാനിക്കുന്നവരാണ് ഭരണാധികാരികള്‍. വരുംദശകങ്ങളിൽ ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ യുവാക്കൾക്ക് വളരെ വലിയൊരു പങ്കുണ്ട്.'' മോദി വ്യക്തമാക്കി. 

പ്രാദേശിക ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കണം. അതിന് വേണ്ടി പ്രതിജ്ഞ എടുക്കുകയും വേണം. പാര്‍ലമെന്റ് അംഗങ്ങള്‍ ഈ വര്‍ഷം വളരെ കാര്യക്ഷമമായിട്ടാണ് പ്രവര്‍ത്തിച്ചത്. നമ്മുടെ ജനാധിപത്യത്തിന്റെ ക്ഷേത്രമായിട്ടാണ് പാര്‍ലമെന്റിനെ കാണുന്നത്. നിങ്ങള്‍ തിരഞ്ഞെടുത്ത പാര്‍ലമെന്റ് അംഗങ്ങള്‍ കഴിഞ്ഞ 60 വര്‍ഷം കാര്യക്ഷമമായി പ്രവർത്തിച്ചുവെന്ന് അഭിമാനത്തോടെ പറയുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.