കേരളത്തിന് അനുവദിച്ച മൂന്ന് പുതിയ അമൃത് ഭാരത് ട്രെയിനുകളുടെ സമയക്രമം പ്രഖ്യാപിച്ചു. തിരുവനന്തപുരം–താംബരം, ഹൈദരാബാദ്–തിരുവനന്തപുരം, നാഗർകോവിൽ–മംഗളൂരു റൂട്ടുകളിലാണ് പുതിയ സർവീസുകൾ. 

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച 3 പുതിയ അമൃത് ഭാരത് ട്രെയിനുകളുടെ സമയക്രമമായി. വെള്ളിയാഴ്ച തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും.

തിരുവനന്തപുരം–താംബരം അമൃത് ഭാരത് താംബരത്തു നിന്നു ബുധനാഴ്ചകളിൽ വൈകിട്ട് 5.30ന് പുറപ്പെടും. ‌വ്യാഴാഴ്ചകളിൽ രാവിലെ 8ന് തിരുവനന്തപുരത്ത് എത്തും. മടക്ക ട്രെയിൻ വ്യാഴാഴ്ചകളിൽ രാവിലെ 10.40ന് പുറപ്പെട്ട് രാത്രി 11.45ന് താംബരത്ത് എത്തും. ഹൈദരാബാദ്–തിരുവനന്തപുരം നോർത്ത് അമൃത്‌ ഭാരത് ചൊവ്വാഴ്ചകളിൽ രാവിലെ 7.15ന് പുറപ്പെട്ട് ബുധനാഴ്ച ഉച്ചയ്ക്ക് 2.45ന് തിരുവനന്തപുരത്ത് എത്തും. മടക്ക ട്രെയിൻ ബുധനാഴ്ചകളിൽ വൈകിട്ട് 5.30ന് പുറപ്പെട്ട് വ്യാഴാഴ്ചകളിൽ രാത്രി 11.30ന് ഹൈദരബാദ്, ചെർലാപ്പള്ളിയിൽ എത്തും. നാഗർകോവിൽ–മംഗളൂരു ജം​ഗ്ഷൻ അമൃത്‌ ഭാരത് ചൊവ്വാഴ്ചകളിൽ ഉച്ചയ്ക്ക് 11.30ന് പുറപ്പെട്ട് ബുധനാഴ്ച പുലർച്ചെ 5ന് മംഗളൂരുവിലെത്തും. മടക്ക ട്രെയിൻ ബുധനാഴ്ച രാവിലെ 8ന് പുറപ്പെട്ട് രാത്രി 10.05ന് നാഗർകോവിലിൽ എത്തും.

അതേസമയം, തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി പിടിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി തലസ്ഥാന നഗരത്തിലേയ്ക്ക് എത്തുന്നത്. ഭരണം പിടിച്ച പശ്ചാത്തലത്തിൽ തിരുവനന്തപുരത്തിന്റ ബ്ലൂ പ്രിൻറ് വഴി മിഷൻ കേരളമാണ് ബിജെപി ലക്ഷ്യമിടുന്നത്. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ലഭിച്ചാൽ 45 ദിവസത്തിനകം പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തുമെന്ന് ബിജെപി പറഞ്ഞിരുന്നു. ഭരണം പിടിച്ചതിന് പിന്നാലെ വാക്കുപാലിച്ച് എത്തുന്ന മോദിയുടെ വമ്പൻ പ്രഖ്യാപനങ്ങൾ തലസ്ഥാനത്ത് ഉണ്ടായേക്കാനാണ് സാധ്യത.