ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദത്തിന്‍റെ അടിത്തറ ശക്തവും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പ്രദീപ്തവുമാണെന്നും മോദി പറഞ്ഞു

ദില്ലി: റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓഡർ ഓഫ് സെന്‍റ് ആൻഡ്രൂ പുരസ്കാരം സമ്മാനിച്ചതിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റഷ്യയ്ക്കും പ്രസിഡന്‍റ് വ്ളാദിമിര്‍ പുച്ചിനും നന്ദി അറിയിക്കുന്നുവെന്നാണ് മോദി വ്യക്തമാക്കിയത്. 

ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദത്തിന്‍റെ അടിത്തറ ശക്തവും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പ്രദീപ്തവുമാണെന്നും മോദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം പൗരന്മാര്‍ക്ക് ഗുണം ചെയ്യുമെന്നും മോദി വ്യക്തമാക്കി. 

റഷ്യൻ പ്രസിഡന്‍റ് വ്‍ളാദിമിർ പുചിനാണ് ഈ പുരസ്കാരം നൽകാനുള്ള ഉത്തരവിൽ ഒപ്പു വച്ചിരിക്കുന്നത്. എന്നാണ് ഈ പുരസ്കാരം മോദിക്ക് നൽകുക എന്ന കാര്യം വ്യക്തമല്ല. ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് മോദിക്ക് പരമോന്നത പുരസ്കാരം നൽകാൻ തീരുമാനിച്ചത്. 

റഷ്യ സ്വന്തം രാജ്യത്തെയും ഇതര രാജ്യങ്ങളിലെയും പൗരൻമാർക്ക് നൽകുന്ന പരമോന്നത സിവിലിയൻ പുരസ്കാരമാണ് ഓഡർ ഓഫ് സെന്‍റ് ആൻഡ്രൂ. റഷ്യ രാജഭരണത്തിന് കീഴിലായിരുന്ന കാലത്ത് 1698-ലാണ് ഈ സിവിലിയൻ പുരസ്കാരം പ്രഖ്യാപിച്ചത്. സോവിയറ്റ് ഭരണകാലത്ത് ഈ പുരസ്കാരം നിരോധിക്കപ്പെട്ടിരുന്നു. എന്നാൽ സോവിയറ്റ് ഭരണം വീണതിന് ശേഷം ഈ പുരസ്കാരം തിരികെ കൊണ്ടുവരികയായിരുന്നു.

ഈ തെരഞ്ഞെടുപ്പ് കാലത്ത് ഇത് രണ്ടാം തവണയാണ് ഒരു പരമോന്നത പുരസ്കാരം മോദിയെ തേടിയെത്തുന്നത്. നേരത്തേ യുഎഇയുടെ പരമോന്നത സിവിലിയൻ പുരസ്കാരവും പ്രധാനമന്ത്രിയെ തേടിയെത്തിയിരുന്നു. ഈ മാസം അവസാനം ആ പുരസ്കാരം നേരിട്ട് വാങ്ങാൻ മോദിയെത്തുമെന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും തെരഞ്ഞെടുപ്പ് ചട്ടലംഘനമായേക്കാം എന്നതിനാൽ ഈ തീരുമാനം റദ്ദാക്കിയിരുന്നു.