ദില്ലി: പൗരത്വ നിയമ ഭേദ​ഗതിയെയും ദേശീയ പൗരത്വ രജിസ്റ്ററിനെയും കുറിച്ച് ആത്മീയനേതാവ് സദ്​ഗുരുവിന്റെ പ്രഭാഷണത്തെ പ്രശംസിച്ച് നരേന്ദ്ര മോദിയുടെ ട്വീറ്റ്. അദ്ദേഹത്തിന്റെ പ്രഭാഷണ വീഡിയോയും മോദി ട്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ''പൗരത്വ നിയമ ഭേ​ദ​ഗതിയെക്കുറിച്ച് വളരെ വ്യക്തമായ വിശദീകരണമാണിത്. ചരിത്രപരമായ സന്ദർഭങ്ങളെയാണ് അദ്ദേഹം പരാമർശിച്ചിരിക്കുന്നത്. നമ്മുടെ സാഹോദര്യത്തെപ്പറ്റിയുള്ള ബൃഹത്തായ അവതരണം എന്ന് പറയാം. തത്പരകക്ഷികൾ പ്രചരിപ്പിക്കുന്ന തെറ്റായ വിവരങ്ങളെ അദ്ദേഹം പുറത്തെത്തിക്കുന്നുണ്ട്.'' മോദി ട്വീറ്റിൽ കുറിച്ചിരിക്കുന്നു. ഇന്ത്യ സപ്പോർട്ട്സ് സിഎഎ എന്ന ഹാഷ്ടാ​ഗും മോദി ഇതിനൊപ്പം ഉപയോ​ഗിച്ചിട്ടുണ്ട്.

പ്രതിപക്ഷപാർട്ടികൾ പൗരത്വനിയമ ഭേദ​ഗതിക്കെതിരെ രാജ്യത്തെങ്ങും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയാണെന്നും അതിനെ പ്രതിരോധിക്കണമെന്നും കഴിഞ്ഞ ദിവസം മോദി ആഹ്വാനം ചെയ്തിരുന്നു. കാബിനറ്റ് മന്ത്രിമാരുമായി നടത്തിയ അനൗപചാരിക യോ​ഗത്തിലായിരുന്നു മോദിയുടെ ആഹ്വാനം. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന്, പൗരത്വ ​നിയമ ഭേദ​ഗതിയെക്കുറിച്ച് അവർക്കുള്ള സംശയങ്ങളും ആശയക്കുഴപ്പങ്ങളും പരിഹരിക്കണമെന്ന് മോദി ആവശ്യപ്പെട്ടതായി മുതിർന്ന മന്ത്രിമാരിലൊരാൾ  വെളിപ്പെടുത്തുന്നു.

രാജ്യത്തെ മൂന്നു കോടി കുടുംബങ്ങളിലേക്ക് പാർട്ടി എത്തിച്ചേരുമെന്നും ഓരോ ജില്ലയിലും റാലികൾ സംഘടിപ്പിക്കുമെന്നും 250 ലധികം പത്രസമ്മേളനങ്ങൾ നടത്തുമെന്നും ബിജെപി ജനറൽ സെക്രട്ടറി ഭൂപേന്ദർ യാദവ് പ്രഖ്യാപിച്ചിരുന്നു. പൗരത്വ നിയമ ഭേദ​ഗതിയെക്കുറിച്ചും ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ചും ജനങ്ങളെ ബോധ്യപ്പെടുത്താൻ വൻപരിപാടികളാണ് ബിജെപി ആസൂത്രണം ചെയ്തിരിക്കുന്നത്.