ദില്ലി: ഡിസ്കവറി ചാനലിലെ പ്രശസ്ത ഷോ 'മാന്‍ വെര്‍സസ് വൈല്‍ഡി'ന്‍റെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത എപ്പിസോഡ് കണ്ടത് മുപ്പത് ലക്ഷത്തില്‍പ്പരം ആളുകള്‍. ബെയര്‍ ഗ്രില്‍സ് അവതരിപ്പിച്ച പരിപാടിയുടെ ആദ്യ ടെലികാസ്റ്റാണ്  'റെക്കോര്‍ഡി'ട്ടത്. 3.69 മില്ല്യണ്‍ പ്രേക്ഷകരാണ് മോദിയുടെ എപ്പിസോഡിന്‍റെ സംപ്രേക്ഷണം കണ്ടതെന്ന് ഡിസ്കവറി ചാനലിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഡിസ്കവറി ചാനലില്‍ ഓഗസ്റ്റ് 12 ന് രാത്രി 9 മണിക്കായിരുന്നു പരിപാടിയുടെ  സംപ്രേക്ഷണം. ബാര്‍കി(ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍)ന്‍റെ കണക്കുകള്‍ പ്രകാരം ഇന്‍ഫോടെയിന്‍മെന്‍റ് വിഭാഗത്തില്‍ 6.1 മില്ല്യണ്‍ ആളുകളാണ് ആ സമയം ചാനല്‍ കണ്ടത്. കഴിഞ്ഞ നാല് ആഴ്ച ഡിസ്കവറി ചാനലില്‍ രാത്രി 9 മണി മുതല്‍ 10 മണി വരെയുള്ള സമയം ചാനല്‍ കണ്ട ആളുകളേക്കാള്‍ 15 മടങ്ങ് കൂടുതലാണ് ഇതെന്നാണ് ചാനല്‍ അവകാശപ്പെടുന്നത്. 

ലോകത്തിലെ ഏറ്റവും ജനപ്രിയ സര്‍വെവ് പരമ്പരയായ  'മാന്‍ വെര്‍സസ് വൈല്‍ഡ്' 2006-ലാണ് ആരംഭിച്ചത്. പരിസ്ഥിതി സംരക്ഷണം മുഖ്യ തീം ആക്കിയുള്ള ഇതിന്‍റെ എപ്പിസോഡുകള്‍ ഒറ്റയ്ക്ക് ഒരു മനുഷ്യന്‍ പ്രകൃതിയെ അറിയാന്‍ നടത്തുന്ന യാത്രകളാണ്. ഇത്തവണ ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് വന്യജീവി സങ്കേതത്തില്‍ ബെയര്‍ ഗ്രിയില്‍സ് പ്രധാനമന്ത്രി മോദിയെ കാണുന്നതായിരുന്നു എപ്പിസോഡിന്‍റെ തീം.