ഈ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ അസറുദ്ദീന്‍ ആവും തെലങ്കാനയിലെ അടുത്ത കായികമന്ത്രി.  

ഹൈദരാബാദ്: ക്രിക്കറ്റ് മത്സരത്തിലെ അനിശ്ചിതത്വം പോലെ ത്രില്ലടിപ്പിക്കുന്നതാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍ മത്സരിക്കുന്ന ജൂബിലി ഹില്ലിലെ തെരഞ്ഞെടുപ്പ് ഫലവും. തുടക്കത്തില്‍ പിന്നിലായിരുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അസറുദ്ദീന്‍ ആറാം റൌണ്ടിലെ വോട്ടെണ്ണലിന് ശേഷം 640 വോട്ടുകളുടെ ലീഡ് നേടി. എന്നാല്‍ ഏഴാം റൌണ്ടില്‍ ബിആര്‍എസ് നേതാവ് മഹന്തി ഗോപിനാഥ് ലീഡ് തിരിച്ചുപിടിച്ചു. ജൂബിലി ഹില്ലില്‍ ആര് 'കപ്പുയര്‍ത്തു'മെന്ന് ഇപ്പോഴും വ്യക്തമല്ല. 

ജൂബിലി ഹില്ലിലെ സിറ്റിംഗ് എംഎല്‍എയാണ് മഹന്തി ഗോപിനാഥ്. 2018ല്‍ 16,004 വോട്ടുകളുടെ ഭൂരിപക്ഷവുമായാണ് മഹന്തി ഗോപിനാഥ് എംഎല്‍എയായത്. അജ്ജു ഭായ് എന്നാണ് ഹൈദരാബാദുകാർ ഇന്ത്യയുടെ മുൻ നായകനെ സ്നേഹത്തോടെ വിളിക്കുന്നത്. ആദ്യമായാണ് രാഷ്ട്രീയക്കാരനായി അസര്‍ തെരഞ്ഞെടുപ്പ് കളത്തിലിറങ്ങിയത്. ഈ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ അസര്‍ ആവും തെലങ്കാനയിലെ അടുത്ത കായികമന്ത്രി.

നേരത്തെ അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മിനെതിരെ രൂക്ഷവിമർശനവുമായി മുഹമ്മദ് അസറുദ്ദീൻ രംഗത്തെത്തിയിരുന്നു. തെലങ്കാനയിലെന്നല്ല, ഇന്ത്യയിലെവിടെയും വോട്ട് പിളർത്താൻ മാത്രമാണ് എഐഎംഐഎം ശ്രമിച്ചിട്ടുള്ളതെന്നും മുസ്ലിം ജനസമൂഹത്തിന് തന്നെ ഒവൈസി ദ്രോഹമാണ് ചെയ്യുന്നതെന്നും അസറുദ്ദീൻ വിമര്‍ശിച്ചു.

'മതേതര രാഷ്ട്രീയമാണ് എന്‍റെ പിച്ച്, അഗ്രസീവായി ബാറ്റ് ചെയ്യും, ഒവൈസി മുസ്ലിങ്ങളെ ദ്രോഹിക്കുന്നു': അസറുദ്ദീൻ

ഇത്തവണ തെരഞ്ഞെടുപ്പ് കളത്തിൽ അഗ്രസീവ് ബാറ്റിംഗ് ആയിരിക്കുമോ എന്ന ചോദ്യത്തിന് ഉത്തരമിങ്ങനെയായിരുന്നു- പിന്നിൽ പോകാതിരിക്കാൻ നമ്മൾ അഗ്രസീവായി ബാറ്റ് ചെയ്തല്ലേ പറ്റൂ. ബിജെപി സ്ഥിരമായി വിജയിക്കുന്ന ഘോഷമഹൽ മണ്ഡലത്തിൽ സ്ഥാനാർഥിയെ നിർത്താതെ തനിക്കെതിരെ സ്ഥാനാർഥിയെ നിർത്തിയ എഐഎംഐഎമ്മിനെതിരെ അസര്‍ ആഞ്ഞടിച്ചു. സ്വന്തം ഓഫീസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഘോഷമഹലിൽ അവർ സ്ഥാനാർഥിയെ നിർത്താതെ തനിക്കെതിരെ നിർത്തിയതിന് ഒരു കാരണമേയുള്ളൂ. തെലങ്കാനയിലെന്നല്ല, ഇന്ത്യയിലെവിടെയും അവർ വോട്ട് പിളർത്തുക മാത്രമാണ് ചെയ്യുന്നതെന്നാണ് അസറുദ്ദീന്‍ പറഞ്ഞത്.

മതേതര രാഷ്ട്രീയമാണ് തന്‍റെ പിച്ചെന്നും അസര്‍ പറഞ്ഞിരുന്നു. തെലങ്കാനയിൽ കർണാടകയിലേത് പോലെ ന്യൂനപക്ഷ ഏകീകരണമുണ്ടാകുമെന്നും അസര്‍ അവകാശപ്പെട്ടു. അസറിന്‍റെ പ്രവചനം പോലെ 66 സീറ്റുകളിലെ ലീഡുമായി തെലങ്കാനയില്‍ കോണ്‍ഗ്രസാണ് മുന്നേറുന്നത്. ബിആര്‍എസിനെതിരെ ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുന്നതാണ് തെലങ്കാനയിലെ കാഴ്ച. തെലങ്കാനയില്‍ 9 സീറ്റില്‍ മാത്രമാണ് ബിജെപിക്ക് ലീഡുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം