തിങ്കളാഴ്ചയാണ് വീടിനും തനിക്കുമെതിരായ ഭീഷണിയിൽ മാധ്യമപ്രവർത്തകനും വസ്തുതാ പരിശോധന വൈബ്സൈറ്റായ ഓൾട്ട് ന്യൂസ് സഹ സ്ഥാപകനുമായ മുഹമ്മദ് സുബൈർ പൊലീസിൽ പരാതി നൽകിയത്.
ബെംഗളൂരു: ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ ബെംഗളൂരുവിലെ വസതിക്ക് നേരെ ഭീഷണി. മുഹമ്മദ് സുബൈറിന്റെ ബെംഗളൂരുവിലെ വീടിന്റെ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് ഭീഷണികൾ വ്യാപകമായത്. ഇതിന് പിന്നാലെയാണ് മുഹമ്മദ് സുബൈർ ബെംഗളൂരു ഡെപ്യൂട്ടി കമ്മീഷണർ ഡി ദേവരാജിന് പരാതി നൽകിയത്. തിങ്കളാഴ്ചയാണ് വീടിനും തനിക്കുമെതിരായ ഭീഷണിയിൽ മാധ്യമപ്രവർത്തകനും വസ്തുതാ പരിശോധന വൈബ്സൈറ്റായ ഓൾട്ട് ന്യൂസ് സഹ സ്ഥാപകനുമായ മുഹമ്മദ് സുബൈർ പൊലീസിൽ പരാതി നൽകിയത്.
മൊബൈൽ ഫോൺ നമ്പറും വീടിന്റെ വിലാസവുമാണ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചത്. ഇതിന് പിന്നാലെ പന്നി മാംസം അടക്കമുള്ളവ മുഹമ്മദ് സുബൈറിന്റെ വീട്ടിലേക്ക് എത്തിക്കണമെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം. ഇത് ആദ്യത്തെ സംഭവമല്ലെന്നും 2023ലും സമാനമായി വീട്ടിലേക്ക് പന്നിമാംസം ലഭിച്ചതായുമാണ് മുഹമ്മദ് സുബൈർ വിശദമാക്കുന്നത്. നേരത്തെ നൽകിയ പരാതി ഏതാനും മാസങ്ങൾക്കുള്ളിൽ എഫ്ഐആർ അവസാനിപ്പിച്ചിരുന്നുവെന്നാണ് മുഹമ്മദ് സുബൈർ വിശദമാക്കുന്നത്. സംഭവത്തേക്കുറിച്ച് ഡിസിപി ഇനിയും പ്രതികരിച്ചിട്ടില്ല. പരാതിയുടെ വിവരങ്ങൾ മുഹമ്മദ് സുബൈർ എക്സിൽ പങ്കുവച്ചിട്ടുണ്ട്.
വിലാസവും ഫോൺ നമ്പറും എക്സിലടക്കം വൈറലാക്കിയ എക്സ് ഹാൻഡിലുകളുടെ വിവരങ്ങൾ അടക്കമാണ് പരാതി നൽകിയിട്ടുള്ളത്. പന്നിമാംസം സുബൈറിന്റെ വീട്ടിലേക്ക് അയയ്ക്കാൻ ആവശ്യപ്പെട്ടായിരുന്നു സ്വകാര്യ വിവരങ്ങൾ എക്സിൽ പങ്കുവച്ചത്. മതവിദ്വേഷം പ്രചരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് മുഹമ്മദ് സുബൈർ ഭീഷണിയെ നിരീക്ഷിക്കുന്നത്. പൊലീസ് സംരക്ഷണവും മുഹമ്മദ് സുബൈർ തേടിയിട്ടുണ്ട്. സൈബർ ഹണ്ട്സ്, അസിം മുനീർ തുടങ്ങി വിവിധ അക്കൌണ്ടുകളുടെ വിവരമടക്കം നൽകിയാണ് പരാതി നൽകിയിട്ടുള്ളത്.


