ദില്ലി: സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന്‍റെ മകള്‍ക്ക് സമന്‍സ് അയച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ വേണ്ടിയാണ് ഐശ്വര്യയ്ക്ക് ഇഡി സമന്‍സ് അയച്ചത്. സെപ്റ്റംബര്‍ 12 ന് ദില്ലിയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം ശിവകുമാര്‍ അറസ്റ്റിലായി ഒരാഴ്ച പിന്നിട്ടപ്പോഴാണ് അദ്ദേഹത്തിന്‍റെ മകള്‍ക്ക് നേരെയും ഇഡി പിടിമുറുക്കുന്നത്.

2017 ഓഗസ്റ്റിൽ അന്ന് കർണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്‍റെ ദില്ലിയിലെ വസതിയിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചുവെന്നതാണ് കേസ്. എട്ട് കോടി രൂപയാണ് അന്ന് പിടിച്ചത്. തന്‍റെ സുഹൃത്തായ ഒരു വ്യവസായിയുടെ പണമാണിതെന്നും ഇതുമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു ശിവകുമാറിന്‍റെ വിശദീകരണം. 

ആദായനികുതി വകുപ്പാണ് അന്ന് ശിവകുമാറിനെതിരെ കേസ് റജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെ എൻഫോഴ്‍സ്മെന്‍റ് കർണാടകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള അദ്ദേഹത്തിന്‍റെ വസതികളിലും റെയ്ഡ് നടത്തി. ഇവിടെ നിന്നെല്ലാം പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ആദായ നികുതി വകുപ്പ് നടത്തിയ അന്വേഷണത്തിൽ ശിവകുമാറിന്റെ നിയമ വിരുദ്ധ ഇടപാടുകൾക്ക് നിരവധി തെളിവുകൾ ലഭിച്ചുവെന്നും  ശിവകുമാറിന്‍റെയും കുടുംബത്തിന്‍റെയും സ്വത്തിൽ അസാധാരണ വളർച്ചയാണുണ്ടായതെന്നും എൻഫോഴ്സ്മെന്‍റ് പറഞ്ഞിരുന്നു.