Asianet News MalayalamAsianet News Malayalam

ബിജെപി സ്ഥാനാര്‍ഥിയുടെ കടയിൽനിന്ന് 14 ലക്ഷം പിടിച്ചു; വോട്ടെടുപ്പ് തലേന്ന് ട്വിസ്റ്റ്, കടുപ്പിച്ച് കോണ്‍ഗ്രസ്

സിറ്റിംഗ് എംഎല്‍എ കൂടിയായ മുല്‍ഖ് രാജ് പ്രേമിയുടെ കടയില്‍ നിന്ന് പണം പിടികൂടിയത്. ജനം പോളിംഗ് ബൂത്തിലെത്തുന്നതിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ ഉയര്‍ന്ന കോഴ ആരോപണം ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷകള്‍

money seized from bjp leader store in himachal pradesh
Author
First Published Nov 12, 2022, 8:06 AM IST

ഷിംല: ഇന്ന് ജനവിധി കുറിക്കുന്ന ഹിമാചല്‍ പ്രദേശില്‍ ബിജെപിക്കെതിരെ കോഴ ആരോപണവുമായി കോണ്‍ഗ്രസ്. വോട്ടെടുപ്പ് തലേന്ന് ബിജെപി വോട്ടർമാർക്ക് പണം വിതരണം ചെയ്തെന്നാണ് ആരോപണം. ബിജെപി സ്ഥാനാര്‍ത്ഥിയുടെ കടയില്‍ നിന്ന്  14 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. പണം പിടിച്ചെടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടാണ് ബിജെപിക്കെതിരെ കോണ്‍ഗ്രസ് ആരോപണങ്ങള്‍ കടുപ്പിച്ചിട്ടുള്ളത്.

സിറ്റിംഗ് എംഎല്‍എ കൂടിയായ മുല്‍ഖ് രാജ് പ്രേമിയുടെ കടയില്‍ നിന്ന് പണം പിടികൂടിയത്. ജനം പോളിംഗ് ബൂത്തിലെത്തുന്നതിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ ഉയര്‍ന്ന കോഴ ആരോപണം ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷകള്‍. അതേസമയം, ഹിമാചല്‍ പ്രദേശില്‍ വോട്ടെടുപ്പ് ആരംഭിച്ചിട്ടുണ്ട്.  68 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വൈകീട്ട് അഞ്ചര വരെ വോട്ട് ചെയ്യാനാകും.

 56 ലക്ഷത്തോളം വോട്ട‌ർമാരാണ് സംസ്ഥാനത്തുള്ളത്. കൊവിഡ് ചട്ടങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്. 67 കമ്പനി കേന്ദ്രസേനയെയും, 15 കമ്പനി സിആ‌ർപിഎഫിനെയും സംസ്ഥാനത്ത് വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മോദി പ്രഭാവത്തിൽ തുടർ ഭരണം നേടാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. എന്നാൽ ഭരണ വിരുദ്ധ വികാരം മുതലെടുത്ത് അധികാരത്തിൽ തിരിച്ചെത്താമെന്ന് കോൺഗ്രസ് കരുതുന്നു. ത്രികോണ പോരിന് കളമൊരുക്കിയ ആംആദ്മി പാ‌ർട്ടിക്ക് കിട്ടുന്ന വോട്ട് ഇത്തവണ മറ്റ് പാർട്ടികൾക്ക് നിർണായകമാകും.

ഡിസംബർ 8 നാണ് വോട്ടെണ്ണൽ. സംസ്ഥാനത്ത് ബിജെപിക്ക് ഭരണ തുടർച്ചയെന്നാണ് സർവേ ഫലങ്ങൾ പ്രവചിച്ചത്. ഏറ്റവും ഒടുവിലായി പുറത്തുവന്ന റിപ്പബ്ലിക് പി മാർക്യു ഒപ്പീനിയൻ പോളിൽ 37 മുതൽ 45 വരെ സീറ്റ് നേടി ബിജെപി ഭരണം തുടരുമെന്നാണ് പ്രവചനം. കോൺഗ്രസ് 22 മുതൽ 28 വരെ സീറ്റിൽ ഒതുങ്ങുമെന്നും, ആപ്പിന് 1 സീറ്റ് ലഭിച്ചേക്കാമെന്നും ഒപ്പീനിയൻ പോളിൽ പറയുന്നു. 

എബിപി സീ വോട്ടർ സർവേയിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ബിജെപി അധികാര തുടർച്ച നേടുമെന്നായിരുന്നു പ്രവചനം. ഹിമാചലിൽ ബിജെപിക്ക് വേണ്ടി മുഖ്യമന്ത്രി ജയ്റാം താക്കൂറും പ്രധാനമന്ത്രി നരേന്ദ്രമോദിയുമടക്കമുള്ളവരാണ് പ്രചരണം നയിച്ചത്. മറുവശത്ത് കോൺഗ്രസിനാകട്ടെ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത് പ്രചരണം നയിച്ചത്. 

ഹിമാചൽ ഇഞ്ചോടിഞ്ച്, ബിജെപിക്ക് നേരിയ മുൻതൂക്കം, കോൺഗ്രസ് കുതിക്കും, ആപ്പ് ചലനമുണ്ടാക്കില്ല, എബിപി-സീ സർവെ ഫലം

Follow Us:
Download App:
  • android
  • ios