രാജ്യത്ത് ഒമ്പത് പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ നീക്കം. എമർജൻസി മെഡിക്കൽ റിലീഫ് ഡയറക്ടർ എൽ. സ്വാസ്തിചരണിന്‍റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ നാഷണൽ എയിഡ് കൺട്രോൾ ഓർഗനൈസേഷനിലെയും, ലോകാരോഗ്യ സംഘടനയിലെയും ഉദ്യോഗസ്ഥർ പങ്കെടുത്തു.
ദില്ലി: മങ്കിപോക്സ് പ്രതിരോധത്തിനുള്ള മാർഗ്ഗനിർദേശങ്ങൾ പുനഃപരിശോധിക്കാൻ വിദഗ്ധരുടെ യോഗം ചേർന്ന് കേന്ദ്രം. രാജ്യത്ത് ഒമ്പത് പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ നീക്കം. എമർജൻസി മെഡിക്കൽ റിലീഫ് ഡയറക്ടർ എൽ. സ്വാസ്തിചരണിന്‍റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ നാഷണൽ എയിഡ് കൺട്രോൾ ഓർഗനൈസേഷനിലെയും, ലോകാരോഗ്യ സംഘടനയിലെയും ഉദ്യോഗസ്ഥർ പങ്കെടുത്തു. പുതുക്കിയ മാർഗ്ഗനിർദേശങ്ങൾ ആരോഗ്യമന്ത്രാലയം ഉടൻ പുറത്തിറക്കുമെന്നാണ് വിവരം. ഇന്നലെ ദില്ലിയിൽ മറ്റൊരു നൈജീരിയൻ സ്വദേശിക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. ദില്ലിയിൽ താമസിക്കുന്ന നൈജീരിയൻ സ്വദേശിക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ദില്ലിയിൽ നാലും കേരളത്തിൽ അഞ്ചും പേർക്ക് മങ്കിപോക്സ് സ്ഥിരീകരിച്ചു.
Also Read: വയനാട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞ യുവതിക്ക് മങ്കിപോക്സില്ല; യുവതിയെ ആശുപത്രിയിൽ നിന്ന് വിട്ടയച്ചു
കൊവിഡ് പ്രതിരോധത്തിന് സ്വീകരിച്ചതിന് സമാനമായ മാർഗ്ഗങ്ങളിലൂടെ മങ്കി പോക്സ് പ്രതിരോധവും നടപ്പിലാക്കാനാണ് കേന്ദ്രത്തിൻറെ നീക്കം. ഇതിനിടെ മങ്കി പോക്‌സ് വാക്‌സിൻ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം തുടങ്ങിയതായി സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അധർ പൂനെവാല അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അധർ പുനെവാലയുടെ പ്രതികരണം. നേരത്തെ ഐസിഎംആർ വാക്സിൻ വികസിപ്പിക്കുന്നതിനുള്ള താത്പര്യപത്രം ക്ഷണിച്ചിരുന്നു. ഈ മാസം പത്തിനുള്ളിലാണ് താത്പര്യ പത്രം നൽകേണ്ടത്.
Also Read: മങ്കിപോക്സ് മരണം: തൃശ്ശൂരിൽ വിദഗ്‍ധ സംഘത്തിന്റെ പരിശോധന
മങ്കിപോക്സ് പ്രതിരോധത്തിൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഓർമ്മിപ്പിക്കുന്നുണ്ട്. രോഗം പകരാതിരിക്കാൻ മങ്കിപോക്സ് സ്ഥിരീകരിച്ചവരെ പ്രത്യേക മുറികളിൽ നിരീക്ഷണത്തിലാക്കണമെന്നതാണ് ഇതിൽ പ്രധാനം. സോപ്പും, സാനിറ്റൈസറും കൃത്യമായ ഇടവേളകളിൽ ഉപയോഗിക്കുക, രോഗബാധിതരുമായി സമ്പർക്കത്തിൽ വരുമ്പോൾ കൈയ്യുറയും മാസ്കും ധരിക്കുക തുടങ്ങിയ മാർഗ്ഗനിർദേശങ്ങളും ആരോഗ്യമന്ത്രാലയം മുന്നോട്ടു വച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവർ പൊതു പരിപാടികളിൽ നിന്ന് വിട്ടു നിൽക്കണം. മങ്കിപോക്സുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിച്ച് ജനങ്ങൾക്കിടയിൽ ഭീതി പരത്തരുതെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെടുന്നു.
