ദില്ലിയിൽ താമസിക്കുന്ന അടുത്ത കാലത്ത് വിദേശയാത്ര നടത്താത്ത 35 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചതെന്ന് വാർത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്യുന്നു.

ദില്ലി: ദില്ലിയിൽ ഒരു നൈജീരിയൻ സ്വദേശിക്ക് മങ്കിപോക്സ് സ്ഥിരീകരിച്ചുവെന്ന് റിപ്പോർട്ട്. ദില്ലിയിൽ താമസിക്കുന്ന അടുത്ത കാലത്ത് വിദേശയാത്ര നടത്താത്ത 35 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചതെന്നും വാർത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ രാജ്യത്ത് അഞ്ച് പേർക്കാണ് ഇതുവരെ ഔദ്യോഗികമായി മങ്കിപോക്സ് സ്ഥിരീകരിച്ചത്.

അതേസമയം, രാജ്യത്ത് ആദ്യ മങ്കിപോക്സ് മരണം തൃശ്ശൂരില്‍ സ്ഥിരീകരിച്ചതോടെ കേന്ദ്രം ജാഗ്രതയിലാണ്. രോഗവ്യാപനം നിരീക്ഷിക്കാനും രോഗ നിർണയത്തിൽ കേന്ദ്രത്തിന് മാർഗനിർദേശം നൽകാനും ദൗത്യ സംഘത്തെ നിയോഗിച്ചു. രാജ്യത്ത് മങ്കി പോക്‌സിനുള്ള പരിശോധനാ സൗകര്യങ്ങൾ കൂട്ടാനുള്ള നീക്കവും ആരോഗ്യ മന്ത്രാലയം തുടങ്ങി.

കേരളത്തിലെ മങ്കി പോക്സ് ബാധിതരായ രണ്ട് പേരുടെ സ്രവസാമ്പിള്‍ പരിശോധിച്ചതില്‍ എ.2 വകഭദമാണ് സ്ഥിരീകരിച്ചത്. യൂറോപ്പില് റിപ്പോര്‍ട്ട് ചെയ്ത ബി വണ്‍ വകഭേദത്തേക്കാള്‍ തീവ്രത കുറവാണെന്ന കണ്ടെത്തല്‍ ഏറെ ആശ്വാസകരമായിരുന്നു. എന്നാല്‍ തൃശൂരില്‍ മരണം സ്ഥിരീകരിച്ചതോടെ ആരോഗ്യമന്ത്രാലയം കൂടുതല്‍ ജാഗ്രതയിലേക്ക് നീങ്ങുകയാണ്. പുതിയ മാര്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതടക്കം ആരോഗ്യ വി.കെ പോൾ തലവനായ ദൗത്യ സംഘത്തില്‍ ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും ഭാഗമാകും. രാജ്യത്ത് ഐസിഎംആറിന് കീഴിലെ 15 ലാബുകളിൽ ആണ് നിലവിൽ മങ്കി പോക്‌സ് പരിശോധന നടത്തുന്നത്. ഇത് കൂട്ടുന്നതിനുള്ള ശ്രമങ്ങളും കേന്ദ്രം തുടങ്ങിയിട്ടുണ്ട്. 

Also Read: മങ്കിപോക്സ് സ്ഥിരീകരണം: സമ്പര്‍ക്കപ്പട്ടികയിലുള്ള 20 പേര് കരുതല്‍ നിരീക്ഷണത്തില്‍, രോഗലക്ഷണമില്ലെന്ന് മന്ത്രി

മങ്കിപോക്‌സ് നിർണയിക്കുന്നതിനുള്ള പരിശോധന കിറ്റും, മൻകിപോക്‌സ് പ്രതിരോധിക്കാനുള്ള വാക്സിനും വികസിപ്പിക്കാനുള്ള താത്പര്യപത്രം നേരത്തെ ഐസിഎംആർ ക്ഷണിച്ചിരുന്നു. ഈ മാസം പത്തിനകം താൽപര്യപ്പത്രം സമർപ്പിക്കാനാണ് നിർദ്ദേശം. നിലവിൽ രാജ്യത്ത് അഞ്ച് പേർക്കാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. ചാവക്കാട് മങ്കി പോക്‌സ് ലക്ഷണങ്ങളോടെ മരിച്ച ആളുടെ സംഭവവും കേന്ദ്ര നിരീക്ഷിക്കുകയാണ്. രോഗവ്യാപനത്തിന്‍റെ തോത് കണക്കിലെടുത്താകും തുടർ നടപടികൾ.

Also Read: മങ്കിപോക്‌സ്: രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍