വൈദ്യുതി മുടങ്ങിയതോടെയാണ് ട്രെയിന്‍ നിന്നുപോയതെന്ന് മഹാ മുംബൈ മെട്രോ ഓപ്പറേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് അറിയിച്ചു.

മുംബൈ: മുംബൈയിൽ കനത്ത മഴയെ തുടർന്ന് മോണോ റെയിൽ ട്രാക്കിൽ കുടുങ്ങി. നവി മുംബൈയിലെ വാഷി ഗാവ് പ്രദേശത്താണ് സംഭവം. മഴയെ തുടർന്ന് വൈദ്യുതി വിതരണം താറുമാറായതാണ് മോണോറെയിൽ കുടുങ്ങാൻ കാരണം. തുടർന്ന് ഇരുനൂറോളം യാത്രക്കാരെ ഒഴിപ്പിച്ചു. ഉയരത്തിലൂടെ പോവുകയായിരുന്ന ട്രെയിനാണ് വൈദ്യുതി തടസ്സപ്പെട്ടതോടെ ട്രാക്കില്‍ നിന്നുപോയത്. ഇതോടെ യാത്രക്കാര്‍ ട്രെയിനിൽ ഏറെനേരം കുടുങ്ങി. എസി പ്രവർത്തിക്കാതായി. ഇതോടെ പലർക്കും ശാരീരികമായ അസ്വസ്ഥത അനുഭവപ്പെട്ടു. ട്രെയിനിന്റെ വാതിലുകളും തുറക്കാന്‍ കഴിഞ്ഞില്ല.

ടെക്‌നീഷ്യന്‍മാര്‍ എത്തി ഏറെനേരം പരിശ്രമിച്ച ശേഷമാണ് വാതിലുകള്‍ തുറക്കാനായത്. അഗ്നിശമനസേന സ്ഥലത്തെത്തി കൂറ്റന്‍ ക്രെയിന്‍ ഉപയോഗിച്ചാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. വൈദ്യുതി മുടങ്ങിയതോടെയാണ് ട്രെയിന്‍ നിന്നുപോയതെന്ന് മഹാ മുംബൈ മെട്രോ ഓപ്പറേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് അറിയിച്ചു.

Scroll to load tweet…

മഹാരാഷ്ട്രയിൽ മുംബൈയടക്കം വിവിധ മേഖലകളിൽ കനത്ത മഴ തുടരുകയാണ്. അടുത്ത 48 മണിക്കൂർ നിർണായകമാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മുംബൈ, താണെ, റായ്ഗഡ്, രത്‌നഗിരി, സിന്ധുദുർഗ് ജില്ലകളിലെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. മഹാരാഷ്ട്രയിൽ തീവ്ര മഴയുണ്ടാകുമെന്നും ജാ​ഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പും മുന്നറിയിപ്പ് നൽകി. ഇതുവരെ എട്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യോമ​ഗതാ​ഗതവും താറുമാറായി. നിരവധി വിമാനങ്ങൾ വൈകുകയും 14 വിമാനങ്ങൾ ലാൻഡ് ചെയ്യാനാകാതെ വഴി തിരിച്ചുവിടുകയും ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി.

മരങ്ങൾ കടപുഴകി വീണതിനാൽ നിരവധി റോഡുകളിൽ ​ഗതാ​ഗതം തടസ്സപ്പെട്ടു. നഗരസഭാ പരിധിയിലുള്ള അടിയന്തര സേവനങ്ങള്‍ ഒഴികെയുള്ള എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വകാര്യ സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കണമെന്നും സർക്കാർ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദാദർ, മാട്ടുംഗ, സിയോൺ, അന്ധേരി, പരേൽ തുടങ്ങിയ പ്രദേശങ്ങളിൽ തുടർച്ചയായ മഴ സാധാരണ ജീവിതം ദുഷ്‌കരമാക്കി. റോഡുകളും തെരുവുകളും വെള്ളത്തിനടിയിലായി. ബൈക്കുല്ല, കലചൗക്കി, താനെ, ഘട്‌കോപ്പർ, വിദ്യാവിഹാർ, വിക്രോളി, ഭാണ്ഡൂപ് തുടങ്ങിയ പ്രദേശങ്ങളിലും കനത്ത വെള്ളപ്പൊക്കമുണ്ടായി.