വെടിയുതിർത്ത അങ്കിത് ലോറൻസ് ബിഷ്ണോയി ഗ്യാങ്ങിലെ അംഗം
ദില്ലി: പഞ്ചാബ് കോൺഗ്രസ് നേതാവും ഗായകനുമായ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിൽ രണ്ട് പേർ കൂടി പിടിയിൽ. മൂസൈവാലയ്ക്കെതിരെ വെടിയുതിർത്ത പത്തിനെട്ടര വയസുകാരൻ അടക്കം 2 പേരാണ് പിടിയിലായത്. ഹരിയാന സ്വദേശിയായ അങ്കിത്, ഇയാളെ ഒളിവിൽ പോകാൻ സഹായിച്ച സച്ചിൻ ഭിവാനി എന്നിവരാണ് പിടിയിലായത്. സച്ചിൻ ഭിവാനിയും ഹരിയാന സ്വദേശിയാണ്. കേസിലെ പ്രധാന പ്രതിയാണ് അങ്കിത് എന്ന് ദില്ലി പൊലീസ് വ്യക്തമാക്കി. ഇതോടെ കേസിൽ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തവരുടെ എണ്ണം അഞ്ചായി.
പിടിയിലായ രണ്ടുപേരും പിടികിട്ടാപ്പുള്ളികളാണെന്നും ലോറൻസ് ബിഷ്ണോയി, ഗോൾബി ബ്രാർ ഗ്യാങ്ങുമായി ബന്ധമുള്ളവരാണെന്നും പൊലീസ് പറഞ്ഞു. ഹരിയാനയിലെ സേർസ ഗ്രാമത്തിൽ നിന്നുള്ള അങ്കിത്, ലോറൻസ് ബിഷ്ണോയി ഗ്യാങ്ങിന്റെ രാജസ്ഥാനിലെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നയാളാണ്. രാജസ്ഥാനിൽ രണ്ട് കൊലപാതക കേസുകളിൽ ഇയാൾ പ്രതിയാണ്. പിടിയിലായവരിൽ നിന്ന് രണ്ട് തോക്കുകളും വെടിയുണ്ടകളും പഞ്ചാബ് പൊലീസിന്റെ മൂന്ന് യൂണിഫോമും രണ്ട് മൊബൈൽ ഫോണുകളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
മൂസൈവാലയുടെ കൊലപാതകത്തിൽ രണ്ടു പേരെ നേരത്തെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിരുന്നു. മെയ് 29ന് ആണ് പഞ്ചാബിലെ മാൻസ ജില്ലയിൽ സിദ്ദു മൂസൈവാല വെടിയേറ്റ് മരിച്ചത്. സംസ്ഥാന സർക്കാർ സുരക്ഷ പിൻവലിച്ചതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പഞ്ചാബ് സർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു.
