മഹാരാഷ്ട്രയിൽ മറാത്തി സംസാരിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. മുംബൈയിലെ ഘാട്‌കോപ്പറിലാണ് പുതിയ സംഭവം.

മുംബൈ: മഹാരാഷ്ട്രയിൽ മറാത്തി സംസാരിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. മുംബൈയിലെ ഘാട്‌കോപ്പറിലാണ് പുതിയ സംഭവം. ഒരു കൂട്ടം പുരുഷന്മാർ ഒരു സ്ത്രീയെ വളഞ്ഞ് സ്ത്രീയോട് മറാത്തിയിൽ സംസാരിക്കാൻ പറയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലടക്കം വൈറലാണ്.

Scroll to load tweet…

സഞ്ജിര ദേവി തന്റെ വീടിന് മുന്നിൽ നിൽക്കുമ്പോൾ ഒരു കൂട്ടമാളുകൾ ഇവരുടെ വഴി തടസപ്പെടുത്തുകയായിരുന്നു. കുറച്ച് വഴി തരണമെന്ന് ആവശ്യപ്പെടുമ്പോൾ മറാത്തിയിൽ സംസാരിക്കണമെന്ന് ആളുകൾ പറയുന്നുണ്ട്. എന്നാൽ സഞ്ജിര ദേവി അതിനെ എതിർത്തപ്പോൾ വാഗ്വാദം ആരംഭിക്കുകയായിരുന്നു. ഇത് മഹാരാഷ്ട്രയാണ്, മറാത്തിയിൽ സംസാരിക്കൂ എന്നെല്ലാം ആളുകൾ ഇവരുടെ മുഖത്ത് ചൂണ്ടി സംസാരിക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ നിങ്ങൾ ഹിന്ദിയിൽ സംസാരിക്കൂ, നിങ്ങൾ ഹിന്ദുസ്ഥാനിയല്ലേയെന്ന് സ്ത്രീ തിരിച്ചു ചോദിക്കുന്നുമുണ്ട്.

സംഭവം വലിയ തർക്കത്തിലേക്ക് കടന്നപ്പോൾ ആരോ പൊലീസിനെ വിവരമറിയിച്ചു. എന്നാൽ പൊലീസെത്തിയപ്പോഴേക്കും തടിച്ചു കൂടിയ ജനങ്ങളുമെല്ലാം പോയിരുന്നു. രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) യുടെ ക്യാംപെയിനിന്റെ ഭാഗമായി മറാത്തി ഭാഷ പ്രാദേശികമായി പ്രോത്സാഹിക്കുന്നതിന്റെ ഭാഗമാണ് സംഭവങ്ങൾ. മഹാരാഷ്ട്രയിൽ വന്ന് താമസിക്കുന്നവരോട് പ്രത്യേകിച്ച് പ്രാദേശിക ഭാഷയിൽ സംസാരിക്കാൻ ഭീഷണിപ്പെടുത്തുന്നുവെന്നും പരാതികളുയരുന്നുണ്ട്.

ഈ മാസം ആദ്യം, മറാത്തി സംസാരിക്കില്ലെന്ന് പ്രഖ്യാപിച്ചതിന് നിക്ഷേപകനായ സുശീൽ കെഡിയയുടെ ഓഫീസിന്റെ ഗ്ലാസ് വാതിൽ പ്രവർത്തകർ തകർത്തിരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻഇപി) ഭാഗമായി ത്രിഭാഷ പ്രോത്സാഹനത്തിനായി മഹാരാഷ്ട്രയിൽ സംസ്ഥാന സർക്കാർ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നുവെന്ന ആരോപണത്തിനിടെയാണിത്.