മുബൈ: മുംബൈയിൽ വീണ്ടും മലയാളി നഴ്സുമാർക്ക് കൂട്ടത്തോടെ കൊവിഡ് ബാധ സ്ഥിരീകരിച്ചു. വോക്കാർഡ് ആശുപത്രിയിൽ 12 മലയാളി നഴ്സുമാർക്ക് കൂടിയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.പൂനെയിൽ രണ്ട് മലയാളി നഴ്സുമാർക്ക് കൂടി രോഗബാധയുണ്ടായി.  മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 3202 ആയി.ഗുജറാത്തിൽ രോഗികളുടെ എണ്ണം ആയിരം കടന്നു.

തുടക്കത്തിലെ ജാഗ്രതക്കുറവിന് മുംബൈയിലെ സ്വകാര്യ ആശുപത്രികൾ വലിയ വില നൽകുകയാണ്. 50 മലയാളി നഴ്സുമാർക്ക് കൊവിഡ് സ്ഥിരീകരിച്ച വൊക്കാർഡ് ആശുപത്രിയിലാണ്  പുതുതായി  മലയാളികളടക്കം 15 നഴ്സുമാരും ഒരു ഡോക്ടരും രോഗബാധിതരായത്. രോഗം സ്ഥിരീകരിച്ച  ഭൂരിഭാഗം പേർക്കും രോഗലക്ഷണങ്ങളില്ല. ജീവനക്കാർക്ക് വ്യാപകമായി രോഗബാധ ഉണ്ടായതിനെ തുടർന്ന് ആശുപത്രി പൂട്ടിയിരിക്കുകയാണ്. അതിനിടെ കൊവിഡ് ചികിത്സയിലായിരുന്നു 12 നഴ്സുമാർക്ക് രോഗം ഭേദമായിട്ടുണ്ട്.  

പൂനെയിലെ റൂബിഹാൾ ആശുപത്രിയിലൽ ഇന്ന് 2 മലയാളി നഴ്സുമാർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇവിടെ നാല് നഴ്സുമാർ നേരത്തെ കൊവിഡ് പോസിറ്റീവായിരുന്നു. മുംബൈ ഡോംബിവലിയിലെ ഐകോൺ ആശുപത്രി നഴ്സുമാർക്ക് രോഗം സ്ഥിരീകരിച്ചതോടെ പൂട്ടി. 15 ആശുപത്രികളാണ് ഇതുവരെ സമാനസാഹചര്യത്തിൽ മുംബൈയിൽ അടച്ചിടേണ്ടി വന്നത്. 

രോഗികളിൽ പ്ലാസ്മാ ചികിത്സ തുടങ്ങാൻ സംസ്ഥാനം കേന്ദ്രത്തോട് അനുമതി തേടിയിട്ടുണ്ട്.  ഗുജറാത്തിൽ സർക്കാർ നിയന്ത്രണത്തിലുള്ള ബയോടെക്നോളജി റിസർച്ച് സെന്‍ററിൽ കൊവിഡ് വൈറസിന്‍റെ ജീനോം സീക്വൻസിംഗ് നടത്തി.  വൈറസിന്‍റെ സ്വഭാവം,ഉറവിടം എന്നിവ കണ്ടെത്തുന്നതിനും വാക്സിൻ പരീക്ഷണങ്ങൾക്കും നിർണായകമായ വിവരങ്ങളാണ് ഇതിലൂടെ ലഭിക്കുക.ആദ്യമായാണ് ഒരു സംസ്ഥാന നിയന്ത്രണത്തിലുള്ള ലാബ് ഈ നേട്ടം കൈവരിക്കുന്നത്.