ഓപ്പറേഷൻ സിന്ദൂറിനെ തുടർന്ന് ഇന്ത്യയിലെ 25 വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു. നിരവധി വിമാന സർവീസുകൾ റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്തു.
ദില്ലി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ റദ്ദാക്കിയത് ഇരുന്നൂറിലധികം വിമാന സർവീസുകൾ. 25 വിമാനത്താവളങ്ങളാണ് താൽക്കാലികമായി പ്രവർത്തനം നിർത്തിവച്ചിരിക്കുന്നത്. ബുധനാഴ്ച വടക്ക്- പടിഞ്ഞാറൻ ഇന്ത്യയിലുടനീളമുള്ള വിമാന ഗതാഗതം തടസ്സപ്പെട്ടു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം സുരക്ഷാ, വ്യോമാതിർത്തി നിയന്ത്രണങ്ങളുടെ ഫലമായി, ബുധനാഴ്ച വൈകുന്നേരത്തോടെ ഇന്ത്യയിലെ 25 പ്രധാന വിമാനത്താവളങ്ങളാണ് അടച്ചത്. മെയ് 9 വരെ പ്രവർത്തനത്തിനായി അടച്ചിട്ട ഇന്ത്യയിലെ 25 വിമാനത്താവളങ്ങൾ ഇവയാണ്:
1-ചണ്ഡീഗഢ്
2- ശ്രീനഗർ
3- അമൃത്സർ
4- ലുധിയാന
5- ഭുണ്ടർ
6- കിഷൻഗഡ്
7- പട്യാല
8- ഷിംല
9- ഗഗ്ഗൽ
10- ഭട്ടിൻഡ
1- ജയ്സാൽമീർ
12- ജോധ്പൂർ
13- ബിക്കാനീർ
14- ഹൽവാര
15- പത്താൻകോട്ട്
16- ജമ്മു
17- ലേ
18- മുന്ദ്ര
19- ജാംനഗർ
20- രാജ്കോട്ട്
21- പോർബന്ദർ
22- കാണ്ട്ല
23- കേശോദ്
24- ഭുജ്
25-തോയിസ്
കമ്പനികൾ വിമാനങ്ങൾ റദ്ദാക്കുന്നു
പുതിയ സാഹചര്യത്തിൽ വിമാന കമ്പനികൾ വിമാനങ്ങൾ റദ്ദാക്കുന്നതിനൊപ്പം പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. നിയന്ത്രണം ഏറ്റവും കൂടുതൽ ബാധിച്ചത് ഇൻഡിഗോ എയർലൈനാണ്. ഇൻഡിഗോ 165 വിമാന സർവീസുകൾ റദ്ദാക്കി. 'വ്യോമപാതാ നിയന്ത്രണ അറിയിപ്പ് കാരണം, വിവിധ വിമാനത്താവളങ്ങളിൽ നിന്നുള്ള 165-ലധികം ഇൻഡിഗോ വിമാനങ്ങൾ മെയ് 10 വരെ റദ്ദാക്കിയതായി എയർലൈൻ വക്താവ് അറിയിച്ചു.
ജമ്മു, ശ്രീനഗർ, ലേ, അമൃത്സർ എന്നിവയുൾപ്പെടെ നിരവധി നഗരങ്ങളിലേക്കുള്ള സർവീസുകളും എയർ ഇന്ത്യയും നിർത്തിവച്ചു. വിമാനത്താവളങ്ങൾ അടച്ചുപൂട്ടുന്നതിനാൽ മെയ് 10 വരെ വിവധ ഇടങ്ങളിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കുന്നതായാണ് എയര്‍ ഇന്ത്യ അറയിച്ചത്. ഇൻഡിഗോയും എയർ ഇന്ത്യയും റീഷെഡ്യൂളിംഗ് ചാർജുകളിൽ ഇളവുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
അതല്ലെങ്കിൽ യാത്രക്കാർക്ക് മുഴുവൻ റീഫണ്ടും വാഗ്ദാനം ചെയ്യുന്നു. 2025 മെയ് 10 രാവിലെ 05:30 വരെ അമൃത്സർ, ഗ്വാളിയോർ, ജമ്മു, ശ്രീനഗർ, ഹിൻഡൺ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള ഞങ്ങളുടെ വിമാനങ്ങൾക്ക് പൂർണ്ണമായ റീഫണ്ട് അല്ലെങ്കിൽ സൗജന്യ റീഷെഡ്യൂളിംഗ് വാഗ്ദാനം ചെയ്യുന്നുവെന്ന് എയർ ഇന്ത്യ എക്സ്പ്രസും അറിയിച്ചു. രാജ്യത്തെ ഏറ്റവും തിരക്കേറിയ ദില്ലി വിമാനത്താവളത്തിൽ അർദ്ധരാത്രി മുതൽ കുറഞ്ഞത് 35 വിമാനങ്ങളെങ്കിലും റദ്ദാക്കിയിട്ടുണ്ട്. ഇതിൽ 31 ആഭ്യന്തര വിമാനങ്ങളും നാല് അന്താരാഷ്ട്ര വിമാന സര്‍വീസും ഉൾപ്പെടുന്നു. റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പ്രകാരം പാക് വ്യോമാതിര്‍ത്തി ഒഴിവാക്കാൻ 25ലധികം വിമാനങ്ങൾ സര്‍വീസ് വഴിതിരിച്ചുവിട്ടു. പാക്കിസ്ഥാന് മുകളിലൂടെയുള്ള സര്‍വീസുകൾ വിവിധ കമ്പനികൾ നിര്‍ത്തിവച്ചിട്ടുണ്ട്. മെയ് 6 മുതൽ പാകിസ്ഥാൻ വ്യോമാതിർത്തി ഉപയോഗിക്കുന്നത് നിർത്തിയതായി സിംഗപ്പൂർ എയർലൈൻസും അറിയിച്ചു.


