പഞ്ചാബ്, ഹരിയാന ഹൈക്കോടതി പഞ്ചാബ് വിജിലൻസ് ബ്യൂറോ (വിബി) ചീഫ് ഡയറക്ടറോട് ആരോപണം അന്വേഷിക്കാൻ ഉത്തരവിട്ടിരുന്നു. ജൂൺ 20 ന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

ഫിറോസ്പൂർ: രണ്ടാം ലോക മഹായുദ്ധ കാലം മുതൽ ഇന്ത്യൻ സൈന്യം ഉപയോ​ഗിച്ചിരുന്ന എയർ സ്ട്രിപ്പ് സ്ത്രീയും മകനും വ്യാജരേഖ ചമച്ച് വിറ്റതായി റിപ്പോർട്ട്. പഞ്ചാബിലെ ഫിറോസ്പൂരിലാണ് സംഭവം. 1962, 1965, 1971 യുദ്ധങ്ങളിൽ ഇന്ത്യൻ വ്യോമസേന അഡ്വാൻസ്ഡ് ലാൻഡിംഗ് ഗ്രൗണ്ടായി ഉപയോഗിച്ചിരുന്ന ഭൂമിയാണ് ഇവർ 1997ൽ മറിച്ചുവിറ്റത്. ചില റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് വിൽപ്പനയെന്നും റിപ്പോർട്ടിൽ പറയുന്നു. 28 വർഷങ്ങൾക്ക് ശേഷം, പ്രതിയായ ഉഷ അൻസലിനെയും മകൻ നവീൻ ചന്ദിനെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തു.

പഞ്ചാബ്, ഹരിയാന ഹൈക്കോടതി പഞ്ചാബ് വിജിലൻസ് ബ്യൂറോ (വിബി) ചീഫ് ഡയറക്ടറോട് ആരോപണം അന്വേഷിക്കാൻ ഉത്തരവിട്ടിരുന്നു. ജൂൺ 20 ന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഐപിസി സെക്ഷൻ 419 (ആൾമാറാട്ടം), 420 (വഞ്ചന, വ്യാജ സ്വത്ത് കൈമാറാൻ പ്രേരിപ്പിക്കൽ), 465 (വ്യാജരേഖ), 467 (സെക്യൂരിറ്റി, വിൽപത്രം മുതലായവ വ്യാജമായി നിർമ്മിക്കൽ), 471 (വ്യാജ രേഖയോ ഇലക്ട്രോണിക് രേഖയോ യഥാർത്ഥമായി ഉപയോഗിക്കുന്നത്), 120 ബി (ക്രിമിനൽ ഗൂഢാലോചന) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിരോധ ഭൂമിയുമായി ബന്ധപ്പെട്ട അഴിമതിയിൽ ഉൾപ്പെട്ട എല്ലാവരെയും തിരിച്ചറിയുന്നതിനായി ഡിഎസ്പി കരൺ ശർമ്മ അന്വേഷണത്തിന് നേതൃത്വം നൽകുന്നു.

പാകിസ്ഥാൻ അതിർത്തിയോട് വളരെ അടുത്തായ ഫട്ടുവാല ഗ്രാമത്തിലാണ് എയർസ്ട്രിപ്പ്. ഹൈക്കോടതി ഇടപെടലിനുശേഷം 2025 മെയ് മാസത്തിലാണ് ഭൂമി പ്രതിരോധ മന്ത്രാലയത്തിന് തിരികെ ലഭിച്ചത്. അന്വേഷണത്തിൽ ഭൂമി വ്യോമസേനയുടേതാണെന്ന് സ്ഥിരീകരിച്ചു. രണ്ടാം ലോകമഹായുദ്ധത്തിൽ ഉപയോഗിക്കുന്നതിനായി ബ്രിട്ടീഷ് ഭരണകൂടം 1945 മാർച്ച് 12 ന് ഏറ്റെടുത്ത ഈ ഭൂമി വ്യോമസേനയുടെ കൈവശം തുടർന്നു. മൂന്ന് യുദ്ധങ്ങളിൽ എയർസ്ട്രിപ് ഉപയോഗിച്ചിരുന്നു.

വിരമിച്ച റവന്യൂ ഉദ്യോഗസ്ഥനായ നിഷാൻ സിംഗ് എന്ന വിസിൽബ്ലോവറാണ് പരാതി നൽകിയത്. പക്ഷേ വർഷങ്ങളായി ഒന്നും സംഭവിച്ചില്ല. 2021 ൽ, ഹൽവാര എയർഫോഴ്സ് സ്റ്റേഷനിലെ കമാൻഡന്റ് അന്വേഷണം ആവശ്യപ്പെട്ട് ഫിറോസ്പൂർ ഡെപ്യൂട്ടി കമ്മീഷണർക്ക് കത്തെഴുതി. പിന്നീട്

അന്വേഷണം ആവശ്യപ്പെട്ട് നിഷാൻ ഹൈക്കോടതിയിൽ ഹർജി നൽകി. ഭൂമിയുടെ യഥാർത്ഥ ഉടമയായ മദൻ മോഹൽ ലാൽ 1991-ൽ മരിച്ചുവെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. എന്നിരുന്നാലും, 1997-ൽ വിൽപ്പന രേഖകൾ നടപ്പിലാക്കി. 2009-10 കാലയളവിൽ സുർജിത് കൗർ, മഞ്ജിത് കൗർ, മുക്തിയാർ സിംഗ്, ജാഗിർ സിംഗ്, ദാര സിംഗ്, രമേശ് കാന്ത്, രാകേഷ് കാന്ത് എന്നിവരുടെ പേരുകൾ ജമാബന്തിയിൽ ഉടമകളായി കാണിച്ചിരുന്നു. എന്നാൽ സൈന്യം ഒരിക്കലും ഭൂമി അവർക്ക് കൈമാറിയിരുന്നില്ല.