ഷാജഹാന്‍പുര്‍: ആശുപത്രിയില്‍ മൂന്ന് ആംബുലന്‍സുണ്ടായിട്ടും കുഞ്ഞിനെ വിദഗ്ധ ചികിത്സയ്കാകയി ആശുപത്രിയിലെത്തിക്കാന്‍ വാഹനം വിട്ടു നല്‍കാതെ  അധിക‍ൃതര്‍.  ഒടുവില്‍ അമ്മയുടെ കൈയ്യില്‍ കിടന്ന് മകന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരിലാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് മകന്‍ അഫ്റോസിനെ കടുത്ത പനിയെതുടര്‍ന്ന് രക്ഷിതാക്കള്‍ ഷാജഹാന്‍പുരിലെ ആശുപത്രിയിലെത്തിച്ചത്.

'ഞങ്ങള്‍ മകനെയും കൊണ്ട് രാവിലെ ആശുപത്രിയിലെത്തി. ഡോക്ടര്‍മാര്‍ അവനെ മറ്റേതെങ്കിലും ആശുപത്രിയില്‍ കൊണ്ട് പോകാന്‍ ആവശ്യപ്പെട്ടു. മകനെ മറ്റേതെങ്കിലും ആശുപത്രിയലേക്ക് കൊണ്ട് പോകാനായി ഒരു ആംബുലന്‍സ് അനുവദിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ വണ്ടി അനുവദിച്ചില്ല. അപ്പോള്‍ ആശുപത്രിയില്‍ മൂന്ന് ആംബുലന്‍സുകളുണ്ടായിരുന്നു, എന്തുകൊണ്ടാണ് വാഹനം അനുവദിക്കാത്തതെന്ന് അറിയില്ല'- കുട്ടിയുടെ പിതാവ് പറഞ്ഞതായി വാര്‍ത്ത ഏജന്‍സിസായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

കയ്യില്‍ പണമില്ലാത്തതിനാല്‍ കുഞ്ഞിനെയും കൊണ്ട് രക്ഷിതാക്കള്‍ വീട്ടിലേക്ക് മടങ്ങി. ഒടുവില്‍ മകനെ ചുമലിലേറ്റി വീട്ടിലേക്ക് പോകുന്നതിനിടെ കുഞ്ഞ് മരണപ്പെട്ടു. കുട്ടിയെ ചുമലിലേറ്റിയാണ് പോയത്. വീട്ടിലേക്ക് പോകുന്നവഴി മകന്‍ മരിച്ചതായി ഭാര്യ തന്നോട് പറഞ്ഞെന്നും അഫ്റോസിന്‍റെ പിതാവ് പറഞ്ഞു. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇവരുടെ വാദം തള്ളി.

എമര്‍ജന്‍സി മെഡിക്കല്‍ ഓഫീസര്‍ എഎന്‍ഐയോട് പറഞ്ഞതിങ്ങനെ- 'കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് അഫ്റോസ് എന്ന കുട്ടിയുമായി രക്ഷിതാക്കള്‍ ആശുപത്രിയിലെത്തിയത്. കുട്ടിയുടെ നില ഗുരുതരമായിരുന്നു. ഞങ്ങള്‍ കുട്ടിയെ ലക്നൗവിലെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചു. കുട്ടിയെ ഞങ്ങള്‍ക്കിഷ്ടമുള്ളിടത്ത് കൊണ്ടുപോകാം എന്ന് പറഞ്ഞ് അവര്‍ കുട്ടിയുമായി ആശുപത്രി വിടുകയായിരുന്നു,  മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.