ദില്ലി: ത്രിപുര ബിജെപിയിൽ കലാപം രൂക്ഷം. മുഖ്യമന്ത്രി ബിപ്ലവ് കുമാറിനെ മാറ്റണം എന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം എംഎൽഎമാർ കേന്ദ്രനേതൃത്വത്തെ സമീപിച്ചു. മുഖ്യമന്ത്രി പാർട്ടിയെ അവഗണിച്ചു മുന്നോട്ട് പോകുന്നുവെന്നാണ് എംഎൽഎമാരുടെ പരാതി.

ബിപ്ലവിനെതിരെ പരാതിയുമായി 11 എംഎൽഎമാർ ദില്ലിയിൽ എത്തിയിട്ടുണ്ട്. തലസ്ഥാനത്ത് തങ്ങുന്ന ഇവർ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ, അഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരെ നേരിൽ കണ്ട് പരാതിയറിയിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 

മന്ത്രിസഭയിലെ മറ്റംഗങ്ങളോടും പാർട്ടി എംഎൽഎമാരോടും പൂർണമായും മുഖം തിരിക്കുകയാണ് മുഖ്യമന്ത്രിയെന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിൻ്റെ പരാതി. പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ബിജെപി ദേശീയനേതൃത്വത്തോടും പൂർണമായി കൂറ് പ്രഖ്യാപിക്കുന്ന വിമത എംഎൽഎമാർ തങ്ങൾക്ക് പരാതി ബിപ്ലവ് കുമാറിനോട് മാത്രമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

രാം പ്രസാദ് പാൽ എന്ന മുതി‍ർന്ന നേതാവിൻ്റെ നേതൃത്വത്തിലാണ് വിമത എംഎൽഎമാ‍ർ ബിപ്ലവിനെതിരെ തിരിഞ്ഞിരിക്കുന്നത്. 25-ലേറെ ബിജെപി എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് രാം പ്രസാദ് പാൽ അഭിപ്രായപ്പെടുന്നത്. ഇതു കൂടാതെ ത്രിപുരയിലെ പട്ടിക വ‍ർ​ഗക്കാ‍ർക്കിടയിൽ വലിയ സ്വാധീനമുള്ള ഐ.ആ‍ർ.എഫ്.ടി പാർട്ടിയുടെ പിന്തുണയും തനിക്കുണ്ടെന്ന് രാം പ്രസാദ് പാൽ അവകാശപ്പെടുന്നുണ്ട്. ഇന്നലെ ദില്ലിയിലെത്തിയ രാം പ്രസാദും സംഘവും സംഘടന ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

പതിറ്റാണ്ട് കാലം ത്രിപുര ഭരിച്ചിരുന്ന സിപിഎമ്മിനെ അട്ടിമറിച്ചു കൊണ്ട് 2018-ലാണ് ബിജെപി അധികാരത്തിലേറിയത്. കോൺ​ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ബിപ്ലവ് കുമാറിനെ മുഖ്യമന്ത്രിയായി അവരോധിച്ചത് മോദിയുടേയും അമിത് ഷായുടേയും പ്രത്യേക താത്പര്യപ്രകാരമായിരുന്നു. 2013-ലെ തെരഞ്ഞെടുപ്പിൽ ഒറ്റ സീറ്റു പോലും നേടാതിരുന്ന ബിജെപി 36 സീറ്റുകൾ വിജയിച്ചാണ് അറുപത് അം​ഗ ത്രിപുര നിയമസഭയിലെ ഒന്നാം കക്ഷിയായി മാറിയത്.