ജനസംഖ്യാ നിയന്ത്രണത്തിനുള്ള നിയമനിർമ്മാണ നടപടികളൊന്നും കേന്ദ്രം പരിഗണിക്കുന്നില്ലെന്ന് ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ ചൊവ്വാഴ്ച രാജ്യസഭയെ അറിയിച്ചിരുന്നു
ദില്ലി: ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട സ്വകാര്യ ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കുമെന്ന് നടനും ബിജെപി എംപിയുമായ രവി കിഷൻ. നാല് കുട്ടികളുടെ പിതാവാണ് രവി കിഷൻ. ഉത്തർപ്രദേശിലെ ഗോരഖ്പൂർ എംപിയാണ് ഇദ്ദേഹം. മൂന്ന് പെൺകുട്ടികളും ഒരു മകനുമാണ് എംപിക്കുള്ളത്. ജനസംഖ്യ നിയന്ത്രണ ബിൽ കൊണ്ടുവരുമ്പോൾ മാത്രമേ നമുക്ക് വിശ്വഗുരുവാകാൻ കഴിയൂ. ജനസംഖ്യ നിയന്ത്രണത്തിലാക്കുന്നത് വളരെ പ്രധാനമാണെന്നും അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ജനസംഖ്യ ഈ രീതിയിൽ വർധിക്കുന്നത് തുടർന്നാൽ രാജ്യത്ത് ജനസംഖ്യാ വിസ്ഫോടനമുണ്ടാകും. ബിൽ അവതരിപ്പിക്കാൻ എന്നെ അനുവദിക്കണമെന്നും എനിക്ക് എന്താണ് പറയാനുള്ളത് കേൾക്കണമെന്നും പ്രതിപക്ഷത്തോട് അഭ്യർഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ജനസംഖ്യാ നിയന്ത്രണത്തിനുള്ള നിയമനിർമ്മാണ നടപടികളൊന്നും കേന്ദ്രം പരിഗണിക്കുന്നില്ലെന്ന് ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ ചൊവ്വാഴ്ച രാജ്യസഭയെ അറിയിച്ചിരുന്നു. ദേശീയ ജനസംഖ്യാ നയം -2000, ദേശീയ ആരോഗ്യ നയം- 2017 എന്നിവയ്ക്ക് അനുസൃതമായി 2045-ഓടെ ജനസംഖ്യ സ്ഥിരപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പവാർ പറഞ്ഞു.
നാഷണൽ ഫാമിലി ഹെൽത്ത് സർവേ അനുസരിച്ച് ജനന നിരക്ക് 019-21 ൽ 2.0 ആയി കുറഞ്ഞു. ഇത് പ്രതീക്ഷിച്ചതിലും താഴെയാണെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് ഉൾപ്പെടെയുള്ള നിരവധി ബിജെപി നേതാക്കൾ ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ജനസംഖ്യാ വളർച്ച തടയാൻ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. 2023ൽ ഇന്ത്യയുടെ ജനസംഖ്യ ചൈനയെ മറികടക്കുമെന്ന് ഐക്യരാഷ്ട്രസഭ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
'ഒരുവിഭാഗം മാത്രം വർധിക്കരുത്'; ജനസംഖ്യാ നിയന്ത്രണം അസന്തുലിതാവസ്ഥയ്ക്ക് കാരണമാകരുതെന്ന് യോഗി ആദിത്യനാഥ്
ലഖ്നൗ: രാജ്യത്തെ ജനസംഖ്യാ നിന്ത്രണം ജനസംഖ്യാ അസന്തുലിതാവസ്ഥയിലേക്ക് നയിക്കരുതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു പ്രത്യേക വിഭാഗം ജനസംഖ്യയിൽ വർധിക്കുന്നത് ആശങ്ക സൃഷ്ടിക്കുമെന്നും അത്തരം സാഹചര്യം ഉണ്ടാകരുതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഒരു വിഭാഗത്തിന്റെ മാത്രം ജനസംഖ്യാ വർധനവ് മതപരമായ ജനസംഖ്യയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമായ വിഷയമായി മാറും. അത് അസ്വാസ്ഥ്യത്തിലേക്കും അരാജകത്വത്തിലേക്കും നയിക്കും. അതുകൊണ്ടു തന്നെ ജനസംഖ്യാ നിയന്ത്രണമെന്നത് ജാതി, മതം, പ്രദേശം, ഭാഷ എന്നിവയ്ക്ക് അതീതമാകണമെന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യാ നിയന്ത്രണം ആരോഗ്യവകുപ്പിന്റെ മാത്രം ലക്ഷ്യമാകരുതെന്നും ഗ്രാമവികസനം, പഞ്ചായത്തിരാജ്, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകൾ പരസ്പരം യോജിച്ച് പ്രവർത്തിക്കണമെന്നും ബോധവൽക്കരണവും നിർവഹണവും ഒപ്പം നടക്കണമെന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു.
ആശാ പ്രവർത്തകരും അംഗൻവാടി പ്രവർത്തകരും ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും പഞ്ചായത്ത് രാജ് ഉദ്യോഗസ്ഥരുമായും അടിസ്ഥാന വിദ്യാഭ്യാസ അധ്യാപകരുമായും ബോധവത്കരണം നടത്തുന്നതിന് യോജിച്ച് പ്രവർത്തിക്കണമെന്നും യുപി മുഖ്യമന്ത്രി പറഞ്ഞു.
ഉത്തർപ്രദേശിൽ ജനസംഖ്യാ നിയന്ത്രണത്തിനായി നയത്തിന്റെ കരട് നിർദ്ദേശിച്ചിരുന്നു. രണ്ടിൽ കൂടുതൽ കുട്ടികളുള്ള ദമ്പതികളെ സംസ്ഥാന സർക്കാർ ജോലിക്ക് അയോഗ്യരാക്കാനും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അവരെ വിലക്കാനും കരട് നിർദ്ദേശമുണ്ടായിരുന്നു. കരട് നയം അനുസരിച്ച്, രണ്ട് കുട്ടികളുള്ള ദമ്പതികൾക്ക് രണ്ട് അധിക ഇൻക്രിമെന്റുകളും വീട് വാങ്ങുമ്പോൾ സബ്‌സിഡിയും ലഭിക്കും. ഒരു കുട്ടിയുള്ള ദമ്പതികൾക്ക് കുട്ടിയുടെ ബിരുദം വരെയുള്ള സൗജന്യ വിദ്യാഭ്യാസം, സ്‌കൂളുകളിലെ പ്രവേശനത്തിൽ മുൻഗണന എന്നിവ ലഭിക്കുമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാൽ കരട് നയത്തിനെതിരെ ആർഎസ്എസ് അടക്കം രംഗത്തെത്തി.
