ഉഗാണ്ടയില്‍ നിന്ന് ബെംഗളൂരുവിലെത്തിയ 28-കാരിയെ എബോള രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ സാമ്പിളുകള്‍ പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ടെന്നും, നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു. ഇതൊരു മുന്‍കരുതല്‍ നടപടി മാത്രമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ബെംഗളൂരു: ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ നിന്ന് ആരംഭിച്ച വാക്‌സീനുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള എബോള വൈറസ് ഇന്ത്യയിലെത്തിയെന്ന് സംശയം. ഉഗാണ്ടയില്‍ നിന്ന് ബെംഗളൂരുവിലെത്തിയ 28 വയസ്സുകാരിയെ എബോള രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ബെംഗളൂരുവിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എപ്പിഡെമിക് ഡിസീസസ് ഹോസ്പിറ്റലില്‍ ഇവരെ ക്വാറൻ്റീനിൽ പ്രവേശിപ്പിച്ചു. ഉഗാണ്ടയില്‍ നിന്ന് അഹമ്മദാബാദ് വഴി കഴിഞ്ഞ ദിവസമാണ് യുവതി ബെംഗളൂരുവിലെത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

വിമാനത്താവളത്തിലെ പരിശോധനയില്‍ യുവതിക്ക് ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഏകദേശം 24 മണിക്കൂർ നിരീക്ഷണത്തിലായിരുന്ന യുവതിക്ക് ശരീരവേദന അനുഭവപ്പെട്ടെന്നും ഇതേ തുടർന്ന് ക്വാറൻ്റീൻ നീട്ടിയെന്നുമാണ് വിവരം. യുവതിയുടെ സാമ്പിളുകള്‍ ശേഖരിച്ച് പുണെയിലെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നതിനുശേഷമേ രോഗബാധ സ്ഥിരീകരിക്കാന്‍ സാധിക്കൂ. നിലവില്‍ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ശരീരവേദനയല്ലാതെ മറ്റ് ഗുരുതര ലക്ഷണങ്ങളൊന്നുമില്ലെന്നും മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള പടരുന്ന സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നേരത്തെ തന്നെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളില്‍ പ്രത്യേക ഐസൊലേഷൻ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ ഇതുവരെ എബോള കേസുകളൊന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇത് കേവലം ഒരു മുന്‍കരുതല്‍ നടപടി മാത്രമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.