Asianet News MalayalamAsianet News Malayalam

മുഡ ഭൂമി അഴിമതിക്കേസിൽ സിദ്ധരാമയ്യക്ക് ആശ്വാസം: കീഴ്‌ക്കോടതിയിലെ നടപടികൾക്ക് ഹൈക്കോടതി സ്റ്റേ

കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാനുള്ള എൻഡിഎ ഗൂഢാലോചനയാണെന്ന് ആരോപിച്ച് കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തി

MUDA land corruption lower court procedure stayed by Karnataka High court relief for Siddaramaiah
Author
First Published Aug 19, 2024, 5:18 PM IST | Last Updated Aug 19, 2024, 5:18 PM IST

ബെംഗളൂരു: മുഡ (മൈസുരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി) ഭൂമി അഴിമതി കേസിൽ തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണറുടെ നടപടിക്കെതിരെ കർണാടക ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. താൻ പ്രതിയോ പങ്കാളിയോ അല്ലാത്ത ഭൂമി ഇടപാടിൽ തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണർ തവർ ചന്ദ് ഗെഹ്‍ലോട്ടിന്‍റെ നടപടി ചട്ടവിരുദ്ധമെന്ന് കാണിച്ചായിരുന്നു ഹർജി. ജനപ്രതിനിധികൾക്കുള്ള പ്രത്യേക കോടതിയിലെ കേസ് നടപടികൾ ഹൈക്കോടതി തടഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് 2.30-യോടെ ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സിദ്ധരാമയ്യക്ക് എതിരെ പരാതിക്കാർ നൽകിയ കവീറ്റ് ഹർജിയും ഇതോടൊപ്പം പരിഗണിച്ചിരുന്നു. ഇന്ന് തന്നെ സിദ്ധരാമയ്യയെ അയോഗ്യനാക്കണം എന്നാവശ്യപ്പെട്ട് ജനപ്രതിനിധികളുടെ പ്രത്യേക കോടതിയിൽ പരാതിക്കാർ ഹർജി നൽകി. കേസിൽ കീഴ്‌ക്കോടതി നടപടികൾ തടഞ്ഞത് ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നത് കൊണ്ടാണെന്ന് ജസ്റ്റിസ് വ്യക്തമാക്കി. കേസിന്‍റെ മെറിറ്റിലേക്ക് കടക്കില്ലെന്നും ഗവർണർക്ക് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയുമോ എന്നത് മാത്രമേ പരിശോധിക്കൂവെന്നും കോടതി വിശദീകരിച്ചു. കേസുമായി ബന്ധപ്പെട്ട് അടിസ്ഥാനപരമായ പരിശോധന ഗവർണർ നടത്തിയോ എന്നും പരിശോധിക്കുമെന്നും കോടതി പറഞ്ഞു. കേസ് വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി.

സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാമെന്ന ഗവർണറുടെ ഉത്തരവാണ് വിവാദമായത്. കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാനുള്ള എൻഡിഎ ഗൂഢാലോചനയാണെന്ന് ആരോപിച്ച് കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തി. സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ട് ബിജെപി - ജെഡിഎസ് എംഎൽഎമാർ വിധാൻ സൗധയിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലും പ്രതിഷേധിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Latest Videos
Follow Us:
Download App:
  • android
  • ios