ദില്ലി: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ഉറുദു സാഹിത്യകാരൻ മുജ്തബ ഹുസ്സൈൻ പത്മശ്രീ പുരസ്കാരം തിരിച്ച് കൊടുക്കും. രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ കാണുമ്പോൾ പുരസ്കാരം കയ്യിൽ വയ്ക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് മുജ്തബ ഹുസ്സൈൻ വ്യക്തമാക്കി.

രാജ്യത്തെ ജാധിപത്യം തകർന്നു കൊണ്ടിരിക്കുകയാണെന്ന് മുജ്‌തബ ഹുസ്സൈൻ പറഞ്ഞു. പത്മശ്രീ പുരസ്കാരം തിരിച്ചുകൊടുക്കുകയാണെന്ന് അറിയിച്ച് കേന്ദ്രത്തിന് ഉടന്‍ കത്തയയ്ക്കും. ഉറുദു സാഹിത്യത്തിലെ സംഭാവനകൾ പരിഗണിച്ച്, ഹാസ്യസാഹിത്യകാരനും ആക്ഷേപഹാസ്യകാരനുമായ മുജ്‌തബ ഹുസ്സൈന് 2007 ലാണ്‌ രാജ്യം പത്മശ്രീ നൽകി ആദരിച്ചത്. അദ്ദേഹത്തിന്‍റെ നിരവധി കൃതികള്‍ വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

Read Also: 'ആദ്യം മുസ്ലീങ്ങളെ മാറ്റിനിർത്തും, പിന്നാലെ മറ്റ് മതസ്ഥരെയും'; പൗരത്വ ഭേദഗതി നിയമത്തിൽ വീണ്ടും സിദ്ധാര്‍ത്ഥ്

ഉറുദു സാഹിത്യകാരന്മാരായ ഷിറിന്‍ ദാല്‍വി, യാക്കൂബ് യവാര്‍ എന്നിവരും മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് കിട്ടിയ സംസ്ഥാന പുരസ്കാരങ്ങള്‍ തിരികെ കൊടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പൗരത്വഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് ഹൈദരാബാദില്‍ നടക്കുന്നത്. സംസ്ഥാനത്തെ കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിലാണ്. മൗലാനാ ആസാദ് നാഷണല്‍ ഉറുദു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ മൂന്നു ദിവസമായി സമരത്തിലാണ്. അവര്‍ സെമസ്റ്റര്‍ പരീക്ഷകളും ബഹിഷ്കരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പരീക്ഷ നീട്ടിവച്ചു. 

Read Also: പൗരത്വ ഭേദഗതി നിയമം: തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധം, പ്രതിപക്ഷ കക്ഷികളെ അണിനിരത്തുമെന്ന് സ്റ്റാലിൻ