ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ പങ്കെടുപ്പിച്ച് പ്രതിഷേധം ശക്തമാക്കുമെന്ന് എംകെ സ്റ്റാലിൻ.  തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധം. തിഴ്നാട്ടിൽ ഉടനീളം പ്രതിപക്ഷ പാർട്ടികളെ അണിനിരത്തി പ്രതിഷേധം കടുപ്പിക്കാനാണ് ഡിഎംകെ തീരുമാനം. 23 ന് പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം പ്രതിഷേധ മാർച്ച് നടത്തും. പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യും വരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിന് ശേഷം സ്റ്റാലിൻ വ്യക്തമാക്കി.

അതിനിടെ മദ്രാസ് സർവകലശാലയിലും ഐഐടിയിലും തുടങ്ങിയ പ്രതിഷേധം മറ്റ് ക്യാമ്പസുകളിലേക്കും പടരുകയാണ്. ഗവർണർ പങ്കെടുത്ത പരിപാടിക്കിടെ ഭാരതീയാർ സർവകലാശായിൽ വിദ്യാർത്ഥികൾ  പ്രതിഷേധവുമായി എത്തി. ഗവർണറുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധത്തിന് ശ്രമിച്ചതോടെ പ്രതിഷേധം സംഘർഷത്തിന് വഴിമാറി. ഇതെ തുടര്‍ന്ന് നിരവധി വിദ്യാർത്ഥികളെയാണ് അറസ്റ്റ് ചെയ്തു മാറ്റിയത്.

മദ്രാസ് സർവകലാശാലയിൽ വിദ്യാർത്ഥികളുടെ രാപ്പകൽ സമരവും തുടരുകയാണ്. ഹോസ്റ്റൽ വിട്ട് പോകണമെന്ന നിർദ്ദേശം അംഗീകരിക്കില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ ഇപ്പോഴുമുള്ളത്. ചെന്നൈ ന്യൂ കോളേജിലും, പച്ചയപ്പാസ് കോളേജിലും വിദ്യാർത്ഥികൾ പ്രതിഷേധ മാർച്ച് നടത്തി. മദ്രാസ് ക്രിസ്ത്യൻ കോളേജിലും അനിശ്ചിതകാല പ്രതിഷേധം തുടങ്ങിയിട്ടുണ്ട്.