ഓപ്പറേഷൻ സിന്ദൂരിലൂടെ പാകിസ്ഥാനിലെ നാല് ഭീകര ക്യാമ്പുകളിലും പാക് അധീന കശ്മീരിലെ അഞ്ച് ക്യാമ്പുകളിലും മിന്നലാക്രമണം നടത്തി

ദില്ലി: ഓപ്പറേഷൻ സിന്ദൂര്‍ നടപ്പിലാക്കിയ നമ്മുടെ ഇന്ത്യൻ സായുധ സേനയെ ഓർത്ത് അതീവ അഭിമാനം കൊള്ളുന്നുവെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയര്‍മാൻ മുകേഷ് അംബാനി. എല്ലാത്തരം ഭീകരതയുടെയും വിപത്തിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായി, ഉറച്ച തീരുമാനത്തോടെയും അചഞ്ചലമായ ലക്ഷ്യത്തോടെയും നിലകൊള്ളുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധീരവും നിർണായകവുമായ നേതൃത്വത്തിൽ, അതിർത്തിക്കപ്പുറത്തുനിന്നുള്ള എല്ലാ പ്രകോപനങ്ങൾക്കും ഇന്ത്യൻ സായുധ സേന കൃത്യമായും ശക്തമായും പ്രതികരിച്ചിരിക്കുന്നു എന്നും പ്രസ്താവനയിൽ അംബാനി പറഞ്ഞു.

ബുധനാഴ്ച പുലർച്ചെ 1.05 ന് 25 മിനിറ്റ് നീണ്ടുനിന്ന ഓപ്പറേഷൻ സിന്ദൂരിലൂടെ പാകിസ്ഥാനിലെ നാല് ഭീകര ക്യാമ്പുകളിലും പാക് അധീന കശ്മീരിലെ അഞ്ച് ക്യാമ്പുകളിലും മിന്നലാക്രമണം നടത്തി പഹൽഗാമിന് മറുപടി നൽകിയിരുന്നു. ഹാമർ സ്മാർട്ട് ബോംബുകൾ മുതൽ സ്കാൽപ് മിസൈലുകൾ വരെയുള്ള 24 ഓളം അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ഭീകര സംഘടനകളുടെ ആസ്ഥാനങ്ങളും പരിശീലന കേന്ദ്രങ്ങളും തകർന്നു. 

100-ൽ അധികം ഭീകരർ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു. ഏപ്രിൽ 22 ന് ജമ്മു കശ്മീർ തലസ്ഥാനമായ ശ്രീനഗറിൽ നിന്ന് 70 കിലോമീറ്ററിൽ താഴെയുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമായ ബൈസാരൻ താഴ്‌വരയിൽ 26 പേർ കൊല്ലപ്പെട്ട പാഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായാണ് ഓപ്പറേഷൻ സിന്ദൂർ നടത്തിയത്. ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്ന് അന്ന് തന്നെ ഇന്ത്യ വ്യക്തമാക്കിയിരുന്നു.

അതേസമയം, പാക് പ്രകോപനം അതിര്‍ത്തിയിൽ തുടരുന്നതിനിടെ ശക്തമായ പ്രതിരോധം തീര്‍ക്കുകയാണ് ഇന്ത്യ. 1971ന് ശേഷം പാകിസ്ഥാന്റെ തന്ത്രപ്രധാന മേഖലകളിൽ ഇന്ത്യ ആക്രമണം നടത്തി. ജമ്മു കശ്മീരിലേയും രാജസ്ഥാനിലെയും വിവിധ പ്രദേശങ്ങളിൽ പാകിസ്ഥാൻ ആക്രമണത്തിന് ശ്രമം നടത്തി പരാജയപ്പെട്ടതിന് പിന്നാലെയാണ്, നേരത്തെ മുന്നറിയിപ്പ് നൽകിയതിന് സമാനമായി ശക്തമായ ആക്രമണം ഇന്ത്യ നടത്തിയത്.