ദില്ലി: നിര്‍ഭയ കേസില്‍ മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി പട്യാല ഹൗസ് കോടതി തളളി. കൂട്ട ബലാത്സംഗം നടന്ന ഡിസംബർ പതിനാറിന് ദില്ലിയിൽ ഉണ്ടായിരുന്നില്ലെന്ന് വാദിച്ചാണ് കേസിൽ വിചാരണ നടന്ന  പട്യാല ഹൗസ് കോടതിയിൽ മുകേഷ് സിംഗ്
ഹർജി നൽകിയത്. സംഭവം നടന്നതിന്‍റെ അടുത്ത ദിവസം രാജസ്ഥാനിൽ നിന്നാണ് അറസ്റ്റ് ചെയ്തതെന്നും നിരപരാധിയാണെന്നും ഹർജിയിൽ മുകേഷ് സിംഗ് പറയുന്നു. 

തിഹാർ ജയിൽ അധികൃതരുടെ ഭാഗത്ത് നിന്നും പീഢനങ്ങൾ നേരിട്ടതായും ആരോപണമുണ്ട്. വെള്ളിയാഴ്ച്ചയാണ് നാല് കുറ്റവാളികളുടേയും വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ട്. വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട്  കുറ്റവാളികൾ കഴിഞ്ഞ ദിവസം അന്താരാഷ്ട്ര കോടതിയെ സമീപിച്ചിരുന്നു. 

മനുഷ്യാവകാശവും സാമാന്യ നീതിയും ഉറപ്പാക്കണമെന്ന് അന്താരാഷ്ട്ര കോടതിക്ക് അയച്ച കത്തിൽ പറയുന്നു. മാര്‍ച്ച് 20 നാണ് വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ട്. രാജ്യത്തെ എല്ലാ നിയമസാധ്യതകളും അവസാനിച്ചതോടെയാണ് നിര്‍ഭയക്കേസിലെ പ്രതികള്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക