ന്യൂയോർക്ക് മേയറായി സൊഹ്റാൻ മംദാനി ചരിത്ര വിജയം നേടിയതിന് പിന്നാലെ വിവാദ പരാമർശവുമായി മുംബൈയിലെ ബിജെപി എംഎൽഎ അമിത് സതം രംഗത്ത്. 'ഒരു ഖാനെയും ഇവിടെ മേയറാകാൻ അനുവദിക്കില്ല' എന്ന് പറഞ്ഞ സതം, ന്യൂയോർക്കിൽ നടന്നത് 'വോട്ട് ജിഹാദ്' ആണെന്നും ആരോപിച്ചു.

മുംബൈ: ന്യൂയോർക്ക് മേയറായി സൊഹ്റാൻ മംദാനി ചരിത്ര വിജയം സ്വന്തമാക്കിയതിന് പിന്നാലെ വിവാദ പരാമർശവുമായി എംഎൽഎയും മുംബൈയിലെ ബിജെപി അധ്യക്ഷനുമായ അമിത് സതം.'ഒരു ഖാനെയും ഞങ്ങളിവിടെ മേയറാകാൻ അനുവദിക്കില്ല'എന്നാണ് അമിത് സതം പറഞ്ഞത്. അന്ധേരി വെസ്റ്റ് എംഎൽഎയാണ് അമിത് സതം. ന്യൂയോർക്കിൽ നടന്നത് 'വോട്ട് ജിഹാദ്' ആണെന്നും ന്യൂയോർക്ക് സിറ്റിയിൽ കണ്ട അതേ രാഷ്ട്രീയം മുംബൈയിലേക്ക് കൊണ്ടുവരാൻ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്താണ് ഉദ്ദേശിച്ചതെന്ന ചോദ്യത്തിന് എംഎൽഎ നൽകിയ മറുപടിയിങ്ങനെ: "രാഷ്ട്രീയ അധികാരം നിലനിർത്താൻ ചിലർ പ്രീണനത്തിന്‍റെ പാത സ്വീകരിക്കുന്നു. മുമ്പ് സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിച്ച അത്തരം ശക്തികളിൽ നിന്ന് മുംബൈയെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഞാൻ മത സൗഹാർദ്ദത്തിൽ വിശ്വസിക്കുന്നുണ്ട്. എന്നാൽ ദേശവിരുദ്ധ നിലപാട് സ്വീകരിച്ച് ആരെങ്കിലും സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിച്ചാൽ, ഞങ്ങൾ അവരെ എതിർക്കും"

മുംബൈയുടെ വികസനത്തിനും ഐക്യത്തിനും വേണ്ടി എപ്പോഴും നിലകൊള്ളും. നഗരത്തിലുടനീളം വന്ദേമാതരം പരിപാടികൾ സംഘടിപ്പിക്കുന്നു. നഗരത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ സ്വത്വം മാറ്റാനുള്ള ഒരു ശ്രമവും സ്വീകാര്യമല്ലെന്ന് അമിത് സതം പറഞ്ഞു.

Scroll to load tweet…

ഒരുപാട് റെക്കോഡുകളുമായി മംദാനിയുടെ വമ്പൻ ജയം

ന്യൂയോര്‍ക്കിന്‍റെ ചരിത്രത്തിലെ ആദ്യ മുസ്ലിം മേയർ, ദക്ഷിണേഷ്യകാരനായ ആദ്യ മേയര്‍, ഏറ്റവും പ്രായം കുറഞ്ഞ മേയർ. ഒരുപാട് റെക്കോഡുകളുമായാണ് ട്രംപിന്‍റെ കടുത്ത എതിരാളി സൊഹ്‌റാന്‍ മംദാനിയുടെ വമ്പൻ വിജയം. ഇന്ത്യൻ വംശജയായ സംവിധായക മീര നായരുടെയും യുഗാണ്ടൻ എഴുത്തുകാരൻ മഹമൂദ് മംദാനിയുടെയും മകനാണ് സൊഹ്റാൻ. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച മുൻ ന്യൂയോർക്ക് ഗവർണർ ആൻഡ്രു കുമോ ആയിരുന്നു പ്രധാന എതിരാളി. റിപ്പബ്ലിക്കൻ പാർട്ടിയിലെ കർട്ടിസ് സ്ലിവ മത്സരിച്ചെങ്കിലും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കുമോയെ ആണ് പിന്തുണച്ചത്. മംദാനി വിജയിച്ചാൽ അത് നഗരത്തിന് അപകടം ആകുമെന്നും നഗരത്തിനുള്ള ഫെഡറൽ സഹായം തടയുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. എന്നാൽ അതൊന്നും ഫലം കണ്ടില്ല. ട്രംപിന്റെ നയങ്ങളോടുള്ള വിയോജിപ്പിന്റെ വിധിയെഴുത്തായി തെരഞ്ഞെടുപ്പ് ഫലങ്ങൾ. വിര്‍ജിനിയയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഗവര്‍ണറായി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി അബിഗെയ്ല്‍ സ്പാന്‍ബെര്‍ഗര്‍ വിജയിച്ചു. ന്യൂജേഴ്‌സി ഗവര്‍ണര്‍ തെരഞ്ഞെടുപ്പിലും ഡെമക്രാറ്റിക് പാര്‍ട്ടിക്കാണ് വിജയം. മൈക്കീ ഷെറില്‍ ആണ് ന്യൂജേഴ്‌സി ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടത്.