2006-ലെമുംബൈ ട്രെയിൻ സ്ഫോടന കേസ് കുറ്റവിമുക്തനാക്കപ്പെട്ട അബ്ദുൾ വാഹിദ് ഷെയ്ഖ് 9 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. തടവറയിൽ അനുഭവിച്ച പീഡനങ്ങൾക്കും ജീവിതനഷ്ടത്തിനുമാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.
മുംബൈ: 2006-ലെ മുംബൈ ട്രെയിൻ സ്ഫോടനക്കേസിൽ പ്രതി ചേർക്കപ്പെടുകയും പിന്നീട് കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്ത അബ്ദുൾ വാഹിദ് ഷെയ്ഖ് നഷ്ട പരിഹാരം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. അനാവശ്യമായി കുറ്റം ചുമത്തി തടവറയിൽ പീഡിപ്പിച്ചതിന് നഷ്ടപരിഹാരമായി 9 കോടി രൂപ ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. ദേശീയ മനുഷ്യാവകാശ കമ്മീഷനും മഹാരാഷ്ട്ര സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും മുമ്പാകെ സമർപ്പിച്ച അപേക്ഷയിലാണ് ഷെയ്ഖ് നഷ്ടപരിഹാരവും പുനരധിവാസത്തിനുള്ള സഹായവും ആവശ്യപ്പെട്ടത്. 2006 ജൂലൈ 11ന് മുംബൈയിലെ വെസ്റ്റേൺ റെയിൽവേയുടെ സബർബൻ ശൃംഖലയിലുണ്ടായ ട്രെയിൻ സ്ഫോടനങ്ങളിൽ 180-ലധികം പേർ കൊല്ലപ്പെട്ടിരുന്നു. കേസിൽ ഷെയ്ഖിനെ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. മറ്റ് പ്രതികളെ ഈ വർഷം ജൂലൈയിൽ ബോംബെ ഹൈക്കോടതിയും കുറ്റവിമുക്തരാക്കി.
മഹാരാഷ്ട്രാ ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്ത് ഒമ്പത് വർഷത്തിന് ശേഷം, 2015-ലാണ് പ്രത്യേക കോടതി ഷെയ്ഖിനെ എല്ലാ കുറ്റങ്ങളിൽ നിന്നും ഒഴിവാക്കിയത്. തന്റെ കരിയറിനും വിദ്യാഭ്യാസത്തിനും വ്യക്തിജീവിതത്തിനും പരിഹരിക്കാനാവാത്ത നാശനഷ്ടങ്ങളുണ്ടാക്കിയെന്നും തടവിലായിരുന്ന കാലം ക്രൂരമായ പീഡനം നേരിടേണ്ടി വന്നുവെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയെന്നും അപേക്ഷയിൽ പറയുന്നു. കൂടാതെ ഭീകരവാദിയെന്ന ദുഷ്പേര് കാരണം ജയിൽമോചിതനായ ശേഷം തനിക്ക് ജോലി കണ്ടെത്താൻ ബുദ്ധിമുട്ടനുഭവിച്ചതായും ഷെയ്ഖ് പറഞ്ഞു. നിലവിൽ സ്കൂൾ അധ്യാപകനായി ജോലി ചെയ്യുന്ന താൻ കുടുംബത്തിന്റെ ഏക വരുമാനമാർഗ്ഗമാണെന്നും, ജയിലിലായിരുന്നപ്പോൾ തന്റെ കുടുംബം സാമൂഹികമായും വൈകാരികമായും സാമ്പത്തികമായും ദുരിതമനുഭവിച്ചെന്നും അദ്ദേഹം ഹർജിയിൽ പറയുന്നു. ചികിത്സയ്ക്കും ജീവിതച്ചെലവുകൾക്കുമായി ഏകദേശം 30 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായതായും ഷെയ്ഖ് അവകാശപ്പെട്ടു.
എന്ത് കൊണ്ട് നേരത്തെ നഷ്ടപരിഹാരം തേടിയില്ല ?
തന്റെ കൂട്ടുപ്രതികൾ ശിക്ഷിക്കപ്പെട്ടതിനാൽ ധാർമ്മികമായ കാരണങ്ങളാൽ പത്ത് വർഷത്തേക്ക് നഷ്ടപരിഹാരം തേടിയില്ല. എന്റെ എല്ലാ കൂട്ടുപ്രതികളും കുറ്റവിമുക്തരും നിരപരാധികളാണെന്ന് തെളിയിക്കപ്പെടുകയും ചെയ്യുന്നതുവരെ കാത്തിരിക്കാൻ ഞാൻ തീരുമാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേസിന്റെ നിലവിലെ സ്ഥിതി
2015-ൽ വിചാരണക്കോടതി ഷെയ്ഖിനെ കുറ്റവിമുക്തനാക്കിയപ്പോൾ മറ്റ് 12 പ്രതികളിൽ അഞ്ച് പേർക്ക് വധശിക്ഷയും ഏഴ് പേർക്ക് ജീവപര്യന്തവും വിധിച്ചിരുന്നു. വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരാൾ 2021-ൽ മരിച്ചു. 2025 ജൂലൈയിൽ, പ്രോസിക്യൂഷന് കേസ് തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതി എല്ലാ 12 പ്രതികളെയും കുറ്റവിമുക്തരാക്കി. തെറ്റായ തടവിന് ഇരകളായവർക്ക് മനുഷ്യാവകാശ കമ്മീഷനുകൾ നഷ്ടപരിഹാരം അനുവദിച്ച സമാന കേസുകളും ഷെയ്ഖിന്റെ അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


