2016ൽ തന്നെ ബലക്ഷയം ചൂണ്ടിക്കാട്ടി കോർപ്പറേഷൻ നോട്ടീസ് നൽകിയ കെട്ടിടമാണ് തകർന്നത്. 

മുംബൈ: മുംബൈയിലെ കുർളയിൽ നാല് നിലകെട്ടിടങ്ങൾ തകർന്ന് വീണ് മരിച്ചവരുടെ എണ്ണം 19 ആയി. 20 ലേറെ പേർക്ക് പരിക്കേറ്റു. കാലപ്പഴക്കം ചൂണ്ടിക്കാട്ടി നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്. മരിച്ചവരുടെ ബന്ധുക്കൾക്ക് 5 ലക്ഷം രൂപ വീതം സഹായ ധനം നൽകുമെന്ന് സർക്കാർ അറിയിച്ചിരുന്നു

അർധരാത്രി പെയ്ത കനത്ത മഴയിലാണ് ദുരന്തമുണ്ടായത്. അപകടം ഉണ്ടായ ഉടനെ നാട്ടുകാരും പിന്നാലെ ഫയർഫോഴ്സും എൻഡിആ‌ർഎഫ് സംഘവും സ്ഥലത്തെത്തി. തകർന്നടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിൽ ഏറെ പണിപ്പെട്ടായിരുന്നു രക്ഷാ ദൗത്യം. പരിക്കേറ്റവരെ രാജേവാഡി ആശുപത്രിയിലും സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 2016ൽ തന്നെ ബലക്ഷയം ചൂണ്ടിക്കാട്ടി കോർപ്പറേഷൻ നോട്ടീസ് നൽകിയ കെട്ടിടമാണിത്. 

ഉടമസ്ഥൻ താമസം അവസാനിപ്പിച്ചെങ്കിലും തൊഴിലാളികൾക്ക് വാടകയ്ക്ക് നൽകിയിരിക്കുകയായിരുന്നു. ഇവരാണ് ദുരന്തത്തിൽ ഇരയായത്. സമീപത്തെ മൂന്ന് കെട്ടിടങ്ങളിലും ഇത്തരത്തിൽ നോട്ടീസ് നൽകിയിട്ടും ആളുകൾ താമസിക്കുന്നുണ്ട്. കുർളയിലെ ശിവസേനാ എംഎൽഎ ഇപ്പോൾ ഗുവാഹത്തിയിൽ വിമത ക്യാമ്പിലാണ്. അദ്ദേഹവും മരിച്ചവരുടെ ബന്ധുക്കൾക്ക് സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.

Read Also: മുംബൈയില്‍ നാല് നില കെട്ടിടം തകര്‍ന്നു; 11 മരണം, 20ലേറെ പേര്‍ക്ക് പരിക്ക്