മുംബൈ: അമിതവേഗതയിലെത്തിയ മെഴ്‌സിഡസ് കാർ സ്‌കൂട്ടറിൽ ഇടിച്ച് ഫുഡ് ഡെലിവറി ഏജന്‍റിന് ദാരുണാന്ത്യം. മുംബൈയിലെ ഒഷിവാരയിലാണ് സംഭവം. ചീറിപ്പാഞ്ഞെത്തിയ കാര്‍ ഡിവൈഡറില്‍ ഇടിച്ച് കയറി തൊട്ട് മുന്നിലുണ്ടായിരുന്ന സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. 

സ്കൂട്ടറില്‍‌ നിന്ന് തെറിച്ച് വീണ യുവാവിനെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കാര്‍ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തില്‍ സ്കൂട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. 

യുവാവിന്‍റെ മരണത്തില്‍ നടന്‍ സോനു സൂദ് അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ട യുവാവിന്‍റെ വീട്ടിലെത്തിയ താരം കുടുംബത്തിന് എല്ലാ സഹായവും ചെയ്യുമെന്ന് ഉറപ്പ് നല്‍കി.