മുംബൈ: സിനിമ ചിത്രീകരണത്തിനിടെ സിഗരറ്റ് വാങ്ങാൻ ലൊക്കേഷനിൽ നിന്ന് പുറത്തിറങ്ങിയതായിരുന്നു ബൽറാമും അർബ്ബാസും. ഹൃത്വിക് റോഷനും ടൈഗർ ഷെറഫും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയിൽ ചെറുവേഷങ്ങൾ ചെയ്യാനെത്തിയതായിരുന്നു ഇരുവരും. ഭീകരരുടെ വേഷത്തിലായിരുന്നു ഇരുവരും സിനിമയിൽ അഭിനയിച്ചുകൊണ്ടിരുന്നത്. മേക്കപ്പും വേഷവും അഴിക്കാതെ ഒന്നു പുകയ്ക്കാൻ പുറത്തിറങ്ങിയതാണ്. മുംബൈ പൊലീസ് രണ്ടാളെയും പൊക്കി.

ബൽറാമിനേും അർബാസിനേയും പിടികൂടിയത് ചെറിയ ഓപ്പറേഷനിലൊന്നും ആയിരുന്നില്ല. 'ഭീകരർ' ഇറങ്ങിയിട്ടുണ്ടെന്ന വാർത്ത അറിഞ്ഞയുടൻ പ്രദേശത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഏഴ് സ്റ്റേഷനുകളിലെ പൊലീസ് സേനയും തീര സംരക്ഷണ സേനയും സംയുക്തമായി ഒരു മണിക്കൂർ പരിശ്രമിച്ചാണ് ഇരുവരേയും പിടികൂടിയത്. ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് ഇരുവരേയും പൊക്കിക്കഴിഞ്ഞതിന് ശേഷമാണ്, പ്രതികൾ ഭീകരരല്ല, ദിവസക്കൂലിക്ക് അഭിനയിക്കാൻ വന്ന നടന്‍മാരാണെന്ന് പൊലീസിന് മനസിലായത്.

ഹൃത്വിക് റോഷനും ടൈഗർ ഷെറഫും പ്രധാന റോളുകളിലെത്തുന്ന യഷ് രാജ് ഫിലിംസിന്‍റെ സിനിമാ ലൊക്കേഷനിലായിരുന്നും സംഭവം. ഭീകരവേഷത്തിൽ അഭിനയിക്കുകയായിരുന്ന ബൽറാം ഗിന്‍വാലയും അർബാസ് ഖാനും കോംബാറ്റ് വെസ്റ്റുകളും ഡമ്മി വെഡിയുണ്ടകൾ നിറച്ച ജാക്കറ്റുമെല്ലാധം ധരിച്ചിരുന്നു. ഇരുവരും ഒരു വാനിലാണ് സിഗരറ്റ് വാങ്ങാനെത്തിയത്. ഇതും ബലാകോട് മോഡൽ ഭീകരാക്രമണ ഭീഷണിയെന്ന ആശങ്ക ഉയർത്തി. വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇരുവരേയും പൊലീസ് കണ്ടെത്തി പിടികൂടിയത്.

പഞ്ചവടി നാക പ്രദേശത്ത് വച്ച് അനിൽ മഹാജൻ എന്ന വിമുക്തഭടനായ എടിഎം സെക്യൂരിറ്റി ഗാർഡാണ് ഇവരെ ആദ്യം കണ്ടത്. അനിൽ മഹാജന്‍റെ സഹോദരൻ ഉടൻ തന്നെ ഇക്കാര്യം പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചു. ഒരു ഭീകരൻ സിഗരറ്റ് വാങ്ങുന്നതും വേറൊരു ഭീകരൻ കാത്തുനിൽക്കുന്നതും കണ്ടെന്നായിരുന്നു രഹസ്യവിവരം. ഇവർ വന്ന വാനിന്‍റെ നമ്പർ സമീപത്തെ പൊലീസ് സ്റ്റേഷനുകളിലെല്ലാം വിളിച്ചറിയിച്ചു. സമീപമുള്ള ഏഴ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ പട്രോളിംഗ് അടക്കമുള്ള എല്ലാ ജോലികളും നിർത്തിവച്ച് സംയുക്തമായി ഭീകരർക്കായി തെരച്ചിൽ തുടങ്ങി.  സംഭവം നടന്നത് തീരപ്രദേശത്ത് ആയതുകൊണ്ട് തീരസംരക്ഷണ സേനയും 'ഓപ്പറേഷനിൽ' പങ്കാളികളായി.

ഒരു മണിക്കൂറിന് ശേഷം 'ഭീകരർ' പൊലീസിന്‍റെ പിടിയിലായി. സിനിമാക്കാരാണെന്ന് ചെറുപ്പക്കാർ തങ്ങൾ പറഞ്ഞെങ്കിലും ആദ്യം പൊലീസ് അത്  വിശ്വസിക്കാൻ കൂട്ടാക്കിയില്ല. സിനിമാ ലൊക്കേഷനിലെത്തി വാസ്തവം മനസിലാക്കിയതിന് ശേഷമാണ് രണ്ടാളെയും പൊലീസ് വിട്ടയച്ചത്. എന്നാൽ ആശങ്ക സൃഷ്ടിച്ചതിന് ബൽറാമിനും അർബാസിനുമെതിരെ മുംബൈ പൊലീസ് കേസെടുത്തു. ഭീകരവേഷമിട്ട നടന്‍മാർ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയത് ജനങ്ങൾക്കിടയിൽ വലിയ ഭയപ്പാടുണ്ടാക്കിയെന്ന് പൊലീസ് പറഞ്ഞു.

ചെറിയൊരു 'ഭീകരാന്തരീക്ഷം' ഉണ്ടായെങ്കിലും മുംബൈ പൊലീസിന്‍റെ ഭീകരവിരുദ്ധ സംവിധാനങ്ങൾ സുസജ്ജമാണെന്ന് ബോധ്യപ്പെടാൻ സംഭവം സഹായിച്ചെന്നാണ് പൊലീസിന്‍റെ പക്ഷം. വ്യാപാര സ്ഥാപനങ്ങളെല്ലാം ഒരു സിസിടിവി ക്യാമറ തെരുവിന് അഭിമുഖമായി സ്ഥാപിക്കണം എന്നാണ് പൊലീസ് നൽകിയിരുന്ന നിർദ്ദേശം. ഈ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് ബൽറാവും അർബാസും പോയ വഴി കണ്ടുപിടിച്ചതും ഇരുവരേയും പിടികൂടിയതും. നിർമ്മാതാക്കളായ യഷ്‍രാജ് ഫിലിംസ് സംഭവം സ്ഥിരീകരിച്ചുവെങ്കിലും പ്രതികരിക്കാൻ തയ്യാറായില്ല.