മുംബൈ: കൊവിഡ് ബാധിതനായി ചികില്‍സയിലായിരുന്ന പൊലീസ് ഇന്‍സ്‌പെക്ടര്‍ രോഗമുക്തി നേടി വീട്ടിൽ തിരിച്ചെത്തി. മുംബൈ പൊലീസിലെ എഎസ്ഐ കിരണ്‍ പവാറാണ് കൊവിഡ് രോഗം ഭേദമായി നാട്ടില്‍ തിരിച്ചെത്തിയത്.

നാട്ടിലെത്തിയ കിരണ്‍ പവാറിനെ അയല്‍വാസികളും നാട്ടുകാരും ചേര്‍ന്ന് പുഷ്പവൃഷ്ടി നടത്തിയാണ് സ്വീകരിച്ചത്. രോ​ഗമുക്തി നേടി തിരിച്ചെത്തിയ കിരണിനെ അയൽവാസികൾ സ്വീകരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. 

കൈകളടിച്ചും പുഷ്പവൃഷ്ടി നടത്തിയും ആളുകൾ പൊലീസുകാരനെ സ്വീകരിക്കുന്നത് വീഡിയോയിൽ കാണാം. ഇടയ്ക്ക് ആളുകൾ 'ഭാരത് മാതാ കി ജയ്' വിളിക്കുന്നതും വീഡിയോയിൽ കേൾക്കാം. മഹാരാഷ്ട്രയില്‍ 1500 ലേറെ പൊലീസ് ഉദ്യോഗസ്ഥരാണ് കൊവിഡ് ബാധിച്ച് ചികില്‍സയിലുള്ളതെന്നാണ് റിപ്പോർട്ടുകൾ.