സഹോദരനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രദീപ് സക്‌സേന 36 വർഷം ഒളിവിൽ കഴിഞ്ഞു. പരോളിലിറങ്ങി മുങ്ങിയ ഇയാൾ, അബ്ദുൾ റഹീം എന്ന പേരിൽ മതം മാറി മൊറാദാബാദിൽ ജീവിക്കുകയായിരുന്നു. ഒടുവിൽ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പൊലീസ് ഇയാളെ പിടികൂടി.

ബറേലി (യുപി): കൊലക്കേസിൽ പരോളിലിറങ്ങി മുങ്ങിയ പ്രതിയെ 36 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടികൂടി. ഉത്തർപ്രദേശിലെ ബറേലിയിൽ നിന്നുള്ള പ്രദീപ് സക്‌സേനയാണ് തന്റെ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് പൊലീസ് വലയിൽ നിന്ന് രക്ഷപ്പെട്ടത്. തുടർന്ന് മതം, പേര്, രൂപം എന്നിവ മാറ്റി വെറും 100 കിലോമീറ്റർ അകലെ 36 വർഷം ജീവിച്ചു.

1987-ൽ സഹോദരൻ കൊല്ലപാതകത്തിൽ ഇയാൾ പ്രതിയായി. 1989-ൽ അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തി. സക്‌സേന പരോളിലിറങ്ങി രക്ഷപ്പെട്ടു. ഏകദേശം 100 കിലോമീറ്റർ അകലെയുള്ള മൊറാദാബാദിലേക്ക് രക്ഷപ്പെട്ട സക്സേന പുതിയ പേരും മതവും സ്വീകരിച്ചു. താടിനീട്ടി വളർത്തി അബ്ദുൾ റഹീം എന്ന പേര് സ്വീകരിച്ചു. ഡ്രൈവറായി ജോലി ചെയ്യാൻ തുടങ്ങി. പതിറ്റാണ്ടുകൾ കടന്നുപോയപ്പോൾ, തന്റെ ഭൂതകാലം ഇയാൾ തന്നെ മറന്ന മട്ടായി. എന്നാൽ സക്സേനയെ വെറുതെ വിടാൻ പൊലീസ് തീരുമാനിച്ചിരുന്നില്ല. ഒക്ടോബർ 16-ന് അലഹബാദ് ഹൈക്കോടതി സക്‌സേനയെ നാല് ആഴ്ചയ്ക്കുള്ളിൽ ഹാജരാക്കാൻ പൊലീസിനോട് ഉത്തരവിട്ടു. പൊടിപിടിച്ച കേസ് ഫയലുകളിലേക്ക് പോലീസ് വീണ്ടും പോയി, കാണാതായ പ്രതിയെ കണ്ടെത്താനായി സംഘം രൂപീകരിച്ചു.

ബറേലിയിൽ താമസിക്കുന്ന സക്സേനയുടെ സഹോദരൻ സുരേഷിനെ പൊലീസ് ബന്ധപ്പെട്ടപ്പോൾ, സക്സേന തന്റെ മതവും വ്യക്തിത്വവും മാറ്റിയതായി അവർ മനസ്സിലാക്കി. കൂടുതൽ അന്വേഷണത്തിൽ, പൊലീസ് തന്നെ മറന്നു എന്ന ആത്മവിശ്വാസത്തിൽ ജീവിക്കുകയായിരുന്നു. എന്തോ ആവശ്യത്തിനായി ബറേലിയിൽ വന്നുവെന്ന് പൊലീസ് മനസ്സിലാക്കി. ഉടൻ പിടികൂടി കോടതിയിൽ ഹാജരാക്കുകയും ചെയ്തു.

ചോദ്യം ചെയ്യലിൽ, താൻ പ്രദീപ് കുമാർ സക്‌സേനയാണെന്നും 1989 ൽ പരോൾ ചാടി രക്ഷപ്പെട്ടതായും അയാൾ സമ്മതിച്ചു. മൊറാദാബാദിൽ താമസം തുടങ്ങിയ ഇയാൾ കോടതി നടപടികളിൽ നിന്ന് രക്ഷപ്പെടാൻ 2002ൽ മതം മാറി. 1987-ലെ കേസിൽ കൊലപാതകത്തിനും മോഷണത്തിനും സക്‌സേന ശിക്ഷിക്കപ്പെട്ടതായി ബറേലി സിറ്റി പോലീസ് മേധാവി മനുഷ് പരീഖ് മാധ്യമങ്ങളോട് പറഞ്ഞു. പ്രദീപ് സക്‌സേന ഹൈക്കോടതിയിൽ ശിക്ഷയ്‌ക്കെതിരെ അപ്പീൽ നൽകുകയും പിന്നീട് പരോൾ ഒഴിവാക്കുകയും ചെയ്തു. ഹൈക്കോടതി പോലീസിനോട് അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ, നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ അയാൾ തന്റെ വ്യക്തിത്വം മറച്ചുവെക്കുകയും മതം മാറുകയും ചെയ്തതായി ഞങ്ങൾ കണ്ടെത്തി. മൊറാദാബാദിലെ ഒരു മുസ്ലീം സ്ത്രീയെ വിവാഹം കഴിച്ച് അവിടെ താമസിച്ചിരുന്നതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.