ദില്ലി: ജമ്മു കശ്മീരിന് സവിശേഷ അധികാരം നൽകുന്ന ഭരണഘടനാ അനുച്ഛേദമായ 370 റദ്ദാക്കിയ തീരുമാനം ജനാധിപത്യത്തിന്‍റെ കൊലപാതകമെന്ന് ഡിഎംകെ പ്രസിഡന്‍റ് എംകെ സ്റ്റാലിന്‍ പ്രതികരിച്ചു.

'ജമ്മുകശ്മീരിലെ ജനങ്ങളുടെ അഭിപ്രായം ആരായാതെയാണ് ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞത്. ജനാധിപത്യം കൊലചെയ്യപ്പെട്ടിരിക്കുന്നു. വെറുക്കപ്പെട്ട ഈ തീരുമാനത്തെ തമിഴ്നാട് ഭരിക്കുന്ന എഐഎഡിഎംകെ അനുകൂലിച്ചിരിക്കുകയാണ്. എഐഎഡിഎംകെ പേര് മാറ്റി ഓള്‍ ഇന്ത്യ ഭാരതീയ ജനതാപാര്‍ട്ടി എന്നാക്കുന്നതാണ് ഇതിനേക്കാള്‍ നന്നാവുക'.

രാജ്യം ഭരിക്കുന്നത് ബിജെപിയോ കോണ്‍ഗ്രസോ ആവട്ടെ, പക്ഷേ ഡിഎംകെ എപ്പോഴും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനെ എതിര്‍ക്കുന്നുവെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. നാടകീയമായ  നീക്കത്തിലൂടെയാണ് ഭരണഘടനയുടെ 370 അനുച്ഛേദം രാഷ്ട്രപതി റദ്ദാക്കിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് രാഷ്ട്രപതി പ്രത്യേക അധികാരം ഉപയോഗിച്ച് അനുച്ഛേദം റദ്ദാക്കിയെന്ന് രാജ്യസഭയെ അറിയിച്ചത്. 

1954 -ലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370-ാം അനുച്ഛേദം ഇന്ത്യൻ ഭരണഘടനയോട് ചേർത്തത്. ഇത് പ്രകാരം പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം ഒഴികെ പാർലമെന്‍റ് പാസ്സാക്കുന്ന ഏതു നിയമവും ജമ്മു കശ്മീരിൽ പ്രാബല്യത്തിൽ വരണമെങ്കിൽ കശ്മീർ നിയമ നിർമ്മാണസഭയുടെ അംഗീകാരം വേണം. ഈ അനുച്ഛേദമാണ് സർക്കാർ ശുപാർശ പ്രകാരം രാഷ്ട്രപതി രാംനാഥ് കോവിന്ദ് എടുത്ത് കളയുന്നത്. ഇതോടെ, ജമ്മു കശ്മീർ മറ്റേതൊരു സംസ്ഥാനത്തിനും തുല്യമാവുകയാണ്.