മുംബൈ: എയര്‍ ഇന്ത്യ ജീവനക്കാര്‍ സിത്താര്‍ നശിപ്പിച്ചെന്ന പരാതിയുമായി പ്രശസ്ത സംഗീതജ്ഞന്‍ ശുഭേന്ദ്ര റാവു. വിമാനജീവനക്കാരുടെ അശ്രദ്ധ മൂലമാണ് സിതാര്‍ നശിച്ചതെന്നും സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്ന് ജീവനക്കാര്‍ പഠിക്കണമെന്നും ശുഭേന്ദ്ര റാവു പറഞ്ഞു. ന്യൂയോര്‍ക്കിലേക്കുള്ള യാത്രയിലാണ് റാവുവിന്‍റെ സിതാറിന് കേടുപാട് സംഭവിച്ചത്.

ഫേസ്ബുക്കിലൂടെയാണ് റാവു എയര്‍ ഇന്ത്യയുടെ സൂക്ഷ്മതക്കുറവിനെ വിമര്‍ശിച്ചുള്ള പോസ്റ്റ് പങ്കുവെച്ചത്. തന്‍റെ സിത്താര്‍ ഒരിക്കല്‍ കൂടി നശിച്ചുപോയെന്നും ഇത്തവണ അത് എയര്‍ ഇന്ത്യയില്‍ വെച്ചായിരുന്നെന്നും റാവു ഫേസ്ബുക്കില്‍ കുറിച്ചു. ഇത്രയും ക്രൂരമായി പെരുമാറാന്‍ എങ്ങനെ കഴിയുന്നെന്ന് ചോദിച്ച അദ്ദേഹം കേടുപാട് സംഭവിച്ച സിതാറിന്‍റെ ചിത്രങ്ങളും പങ്കുവെച്ചു.

ഈ കാര്യം ചൂണ്ടിക്കാട്ടി ഓണ്‍ലൈനായി പരാതി നല്‍കിയെങ്കിലും പ്രയോജനം ഉണ്ടായില്ലെന്ന് അറിയിച്ച ശുഭേന്ദ്ര റാവു കേന്ദ്ര വ്യോമയാനമന്ത്രി, സിവില്‍ വ്യോമയാന സെക്രട്ടറി, എയര്‍ഇന്ത്യ സിഎംഡി എന്നിവരെയും കുറിപ്പില്‍ ടാഗ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ മറ്റൊരു വിമാനയാത്രക്കിടെയും ശുഭേന്ദ്ര റാവുവിന് സമാന അനുഭവം ഉണ്ടായിരുന്നു.