ചെന്നൈ: ചെന്നൈയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ബാഗ് മോഡലില്‍ നടക്കുന്ന സമരപ്പന്തലില്‍ യുവാവും യുവതിയും വിവാഹിതരായി. തിങ്കളാഴ്ചയായിരുന്നു വിവാഹം. ഷഹീന്‍ ഷാ, സുമയ്യ എന്നിവരാണ് സമരപ്പന്തലില്‍ വെച്ച് വിവാഹിതരായത്. ഇമാമിന്‍റെ കാര്‍മികത്വത്തിലായിരുന്നു വിവാഹം. മതനേതാക്കളും സമരക്കാരും ബന്ധുക്കളും വധൂവരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്നു. വിവാഹ ശേഷം ഇരുവരും സിഎഎക്കെതിരെയുള്ള പ്ലക്കാര്‍ഡുയര്‍ത്തി, മുദ്രാവാക്യം വിളിച്ച് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സമരപ്പന്തലില്‍ വിവാഹിതരാകണമെന്ന ഇരുവരുടെയും ആഗ്രഹം കുടുംബങ്ങള്‍ അംഗീകരിക്കുകയായിരുന്നു. 

ഫെബ്രുവരി 14നാണ് ഷഹീന്‍ബാഗ് മോഡലില്‍ വാഷര്‍മാന്‍പേട്ടില്‍ സമരം പൊട്ടിപ്പുറപ്പെട്ടത്. സമരക്കാര്‍ക്കെതിരെയുള്ള പൊലീസ് നടപടി വിമര്‍ശനത്തിനിടയാക്കിയിരുന്നു. ചെന്നൈ ഷെഹീന്‍ബാഗ് എന്ന് സമൂഹമാധ്യമം സമരത്തെ വിശേഷിപ്പിച്ചതോടെയാണ് ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നത്. സമരം വരും ദിവസങ്ങളില്‍ കരുത്താര്‍ജ്ജിക്കുമെന്ന് പ്രക്ഷോഭകര്‍ പറഞ്ഞു. ട്വിറ്ററിലും ഫേസ്ബുക്കിലും വാട്സ് ആപ്പിലും ഇരുവരുടെയും വിവാഹ ചിത്രം വ്യാപകമായി പ്രചരിച്ചു. സമരത്തെ അനുകൂലിക്കുന്നവര്‍ ഇവര്‍ക്ക് ആശംസകള്‍ നേര്‍ന്നു.