ദില്ലി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് പുതിയ ഹര്‍ജികളുമായി മുസ്ലീംലീഗ് സുപ്രീംകോടതിയിൽ. പൗരത്വ നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മുസ്ലീംലീഗ് സുപ്രീം കോടതിയെ സമീപിച്ചത്.  കഴിഞ്ഞ പത്താം തീയതിയാണ് പൗരത്വ നിയമം നിലവിൽ വന്നത്. അത് നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുകയുമാണ്. ഇതിനിടെയാണ് പൗരത്വ നിയമത്തിന്‍റെ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളിൽ തീര്‍പ്പ് ആകും വരെ നിയമം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് സുപ്രീംകോടതിയിൽ അപേക്ഷ നൽകിയത്. 

സുപ്രീംകോടതി വിധി വരുന്നവരെ ദേശീയ പൗരത്വ രജിസ്റ്റർ, പൗരത്വ കണക്കെടുപ്പ് നടപടികൾ സ്റ്റേ ചെയ്യണമെന്നും മുസ്ലീംലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തർപ്രദേശിൽ പൗരത്വ നിയമം നടപ്പാക്കാൻ തുടങ്ങി എന്ന് മുസ്ലീം ലീഗ് സുപ്രീം കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നു. സുപ്രീംകോടതി തീരുമാനം വരുന്നത് വരെ നടപടികൾ സ്റ്റേ ചെയ്യണം. ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ കണക്കെടുപ്പും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടണമെന്നും ലീഗ് ആവശ്യപ്പെടുന്നുണ്ട്.  40000 അനധികത കുടിയേറ്റക്കാർ ഉണ്ടെന്ന് യു പി സർക്കാർ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിരുന്നു. 

നിരവധി അപേക്ഷകളാണ് പൗരത്വ നിയമം സംബന്ധിച്ച് സുപ്രീംകോടതിയിൽ ഉള്ളത്. 22 നാണ് ഹര്‍ജികൾ സുപ്രീംകോടതി പരിഗണിക്കുന്നത്. കേരള നിയമസഭ പ്രമേയം പാസാക്കിയതിന് പിന്നാലെ  കേന്ദ്രസര്‍ക്കാരിന്‍റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ  സംസ്ഥാന സർക്കാരും സുപ്രീംകോടതിയിൽ സ്യൂട്ട് ഹർജി നൽകിയിട്ടുണ്ട്.

തുടര്‍ന്ന് വായിക്കാം: എന്താണ് പിണറായി സർക്കാർ സിഎഎ വിഷയത്തിൽ സുപ്രീംകോടതിയിൽ പോകാൻ ആയുധമാക്കിയ ആർട്ടിക്കിൾ 131...
പൗരത്വ നിയമ ദേദഗതിക്കെതിരെ തുടക്കം മുതൽ കടുത്ത വിമര്‍ശനമാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉയര്‍ന്നത്. പൗരത്വനിയമഭേദഗതിക്കെതിരായ പ്രമേയവും കേരള നിയമസഭ പാസാക്കിയിരുന്നു. നിയമഭേദഗതി പിൻവലിക്കണമെന്നാണ്  കേരള നിയമസഭ ഒറ്റക്കെട്ടായി പാസാക്കിയ പ്രമേയത്തിൽ ആവശ്യപ്പെടുന്നത്. കേന്ദ്രസര്‍ക്കാരിന്‍റെ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നിലപാടെടുത്തിരുന്നു. പൗരത്വ ഭേദഗതി മത വിവേചനത്തിന് ഇടയാക്കുമെന്നും പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞു. രാജ്യമെങ്ങും ആശങ്കയാണ്. പ്രവാസികൾക്കിടയിലും ആശങ്ക ശക്തമാണ്. അതുകൊണ്ട് നിയമം റദ്ദാക്കാൻ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നാണ് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിൽ ഉള്ളത്.  

തുടര്‍ന്ന് വായിക്കാം: പൗരത്വ ഭേദഗതി നിയമം മതവിവേചനത്തിന് ഇടയാക്കുമെന്ന് മുഖ്യമന്ത്രി; നിയമസഭയിൽ പ്രമേയം