കേരളത്തിലെ എസ്ഐആർ നടപടികൾ അടിയന്തിരമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചു. ബിഎൽഒ അനീഷ് ജോർജിന്റെ മരണത്തിൽ ജീവനക്കാർ അനുഭവിക്കുന്ന കടുത്ത സമ്മർദ്ദം ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്.
ദില്ലി: കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ അടിയന്തരമായി നിർത്തിവയ്ക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ. പി.കെ. കുഞ്ഞാലിക്കുട്ടി ആണ് ലീഗിനു വേണ്ടി സുപ്രീം കോടതിയെ സമീപിച്ചത്. എസ്ഐആര്‍ നടപടികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ക്ക് സമ്മര്‍ദം താങ്ങാന്‍ ആകുന്നില്ല. കണ്ണൂരിലെ പയ്യന്നൂരില്‍ ബിഎല്‍ഒ അനീഷ് ആത്മഹത്യ ചെയ്ത കാര്യവും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ തിരക്കിലാണ് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും. ഇതിനിടയില്‍ എസ്ഐആര്‍ നടപ്പാക്കുന്നത് അപ്രായോഗികമാണ്. പ്രവാസികള്‍ക്ക് ഉള്‍പ്പടെ വലിയ ബുദ്ധിമുട്ടാണ് ഇത് സൃഷ്ടിക്കുന്നത് ഹർജിയിൽ പറയുന്നു. അതിനാൽ തീവ്ര വോട്ടർ പട്ടിക ഉടൻ നിർത്തിവെയ്ക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.രാജ്യസഭാ അംഗവും അഭിഭാഷകനുമായ ഹാരിസ് ബീരാന്‍ ആണ് കുഞ്ഞാലിക്കുട്ടിയുടെ ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.
അതേ സമയം, പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ സിപിഎമ്മിനെതിരെ ആരോപണവുമായി കോൺഗ്രസ് നേതാക്കൾ. സിപിഎം പ്രവർത്തകർ അനീഷ് ജോർജിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎയും ആരോപിച്ചു. സംഭവത്തിൽ വസ്തുനിഷ്ഠമായ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡൻ്റും ഗൗരവമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവും ആവശ്യപ്പെട്ടു.
ഇന്നലെയാണ് പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസറായ അനീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുന്നരു എയുപി സ്കൂളിലെ പ്യൂൺ ആണ് അനീഷ്. ഇന്നലെ രാവിലെ 11മണിയോടെയായിരുന്നു സംഭവം. വീട്ടിലെ കിടപ്പുമുറിയിൽ അനീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി ബിഎൽഒമാർ ജോലി ബഹിഷ്കരിക്കുകയാണ്.


