ജയ്പൂർ: ഹിന്ദുവെന്ന് തെറ്റിധരിപ്പിച്ച് മകളെ വിവാഹം ചെയ്ത മുസ്‍ലിം യുവാവിനെതിരെ മാതാപിതാക്കൾ പരാതി നൽകി. ഇമ്രാൻ ഖാൻ (30) എന്നയാൾക്കെതിരെയാണ് യുവതിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. കബീർ ശർമ്മ എന്ന വ്യാജപേരിലാണ് ഇയാൾ യുവതിയെ വിവാഹം ചെയ്തത്. രാജസ്ഥാനിലെ സിക്കാറിലാണ് സംഭവം. 

വിവാഹം നടക്കുന്നതിനായി വ്യാജ ബന്ധുക്കളേയും നാട്ടുകാരേയുമാണ് ഇമ്രാൻ ഖാൻ യുവതിയുടെ വീട്ടുകാർക്ക് പരിചയപ്പെടുത്തിയത്. ഹിന്ദു ആചാരപ്രകാരം വിവാഹം നടത്തുന്നതിനായി ഇമ്രാന് 11 ലക്ഷം രൂപ നൽകിയിരുന്നതായും യുവതിയുടെ വീട്ടുകാർ പരാതിയിൽ പറഞ്ഞു. വിവാഹം കഴിഞ്ഞ് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് മകളെ വിവാഹം ചെയ്തത് ഹിന്ദു യുവാവല്ലെന്ന സത്യം വീട്ടികാർ തിരിച്ചറിയുന്നത്. ഇമ്രാൻ വിവാഹിതനാണെന്നും മുൻ ഭാര്യയിൽ അയാൾക്ക് മൂന്ന് കുട്ടികളുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. 

ഇമ്രാനെ കയ്യോടെ പിടിക്കാൻ വീട്ടിലെത്തിയപ്പോഴാണ് അയാളെയും മകളെയും കാണാനില്ലെന്ന വിവരം വീട്ടുകാർ അറിയുന്നത്. തുടർന്ന്      ഇരുവരേയും കാണാതായ വിവരം ബന്ധുക്കൾ പൊലീസിൽ അറിയിച്ചു. രണ്ടര ലക്ഷം വിലമതിക്കുന്ന സ്വർണ്ണവും പണവും തട്ടിയെടുത്താണ് ഇമ്രാൻ ഖാൻ രക്ഷപ്പെട്ടിരിക്കുന്നതെന്നും ബന്ധുക്കൾ പരാതിയിൽ ആരോപിച്ചു. അതേസമയം ദമ്പതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി സിക്കാർ പൊലീസ് വ്യക്തമാക്കി.