Asianet News MalayalamAsianet News Malayalam

ദൈവങ്ങളുടെ പേരുള്ള പടക്കം വില്‍പ്പനയ്ക്ക്, കട കത്തിക്കുമെന്ന് മുസ്ലീം കച്ചവടക്കാര്‍ക്ക് നേരെ ഭീഷണി

കാവി തുണികൊണ്ട് കഴുത്ത് മൂടിയ ഒരു സംഘം ആളുകളാണ് ഭീഷണിയുമായെത്തിയത്. ഇത്തരം പടക്കം ഇനിയും വിറ്റഴിച്ചാല്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നാണ് ഭീഷണി.
 

Muslim Shopkeepers Threatened In Madhya Pradesh Over Crackers
Author
Bhopal, First Published Nov 7, 2020, 10:33 AM IST

ഭോപ്പാല്‍: ഹിന്ദു ദൈവങ്ങളുടെ പേരിലുള്ള പടക്കങ്ങള്‍ കച്ചവടം ചെയ്തതിന് മധ്യപ്രദേശില്‍ മുസ്ലീം കച്ചവടക്കാര്‍ക്ക് ഭീഷണി. മധ്യപ്രദേശിലെ ദേവാസിലാണ് സംഭവം. ദീപാവലിക്ക് വില്‍ക്കാനായി പാക്കറ്റുകളിലാക്കി എത്തിയ പടക്കങ്ങളുടെ പേരിലാണ് ഭീഷണി വന്നത്. എന്നാല്‍ മറ്റിടങ്ങളില്‍ നിന്ന് പാക്കറ്റുകളിലാക്കി എത്തുന്ന പടക്കത്തിന്റെ പേരുകളില്‍ കച്ചവടക്കാര്‍ക്ക് ഒന്നും ചെയ്യാനാകില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 

കച്ചവടക്കാര്‍ക്ക് നേരെ ഭീഷണി ഉയര്‍ത്തുന്ന സംഘത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കാവി തുണികൊണ്ട് കഴുത്ത് മൂടിയ ഒരു സംഘം ആളുകളാണ് ഭീഷണിയുമായെത്തിയത്. ഇത്തരം പടക്കം ഇനിയും വിറ്റഴിച്ചാല്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നാണ് ഭീഷണി. ''ഒരു ലക്ഷ്മി ബോംബോ ഗണേഷ് ബോംബോ ഈ കടയിലൂടെ വിറ്റഴിച്ചാല്‍ നിങ്ങള്‍ ആഗ്രഹിക്കാത്ത തരത്തില്‍ പലതും ചെയ്യാന്‍ നിര്‍ബന്ധിതരാകും'' എന്നാണ് ഒരാളുടെ ഭീഷണി. 

എന്നാല്‍ പ്രകോപിതരാകരുതെന്ന് കടയുടമ സംഘത്തോട് അപേക്ഷിക്കുന്നുമുണ്ട്. കടയില്‍ നിന്ന് പോകും മുമ്പ് പ്രവാചകന്റെ കാര്‍ട്ടൂണിനെ ചൊല്ലി ഫ്രാന്‍സിലുണ്ടായ ഭീകരാക്രണങ്ങളെ ഓര്‍മ്മിപ്പിച്ച സംഘത്തിലെ ഒരാള്‍, 'നിങ്ങള്‍ രാജ്യത്തിനെതിരാണെങ്കില്‍ ഞങ്ങള്‍ നിങ്ങള്‍ക്കെതിരാണ്' എന്ന് പറയുന്നതും വീഡിയോയില്‍ കാണാം. കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് ട്വീറ്റ് ചെയ്ത വീഡിയോയില്‍ പടക്കം വിറ്റാല്‍ കട കത്തിക്കുമെന്ന് പറയുന്ന സംഘത്തെയും കാണാം. ഇവരും കഴുത്തില്‍ കാവിത്തുണി ചുറ്റിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios