ഹൈദരാബാദ്: പൗരത്വ നിയമ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മുസ്ലിം സഹോദരങ്ങളെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചെന്ന ആര്‍എസ്എസ് തലവന്‍റെ പ്രസ്താവനയ്ക്കെതിരെ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ ഞങ്ങള്‍ കുട്ടികളല്ല, സിഎഎയും എന്‍ആര്‍സിയും കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് നല്ലവാക്കുകള്‍കൊണ്ട് വിശദീകരിക്കാന്‍ ശ്രമിക്കേണ്ടെന്ന് ഒവൈസി തിരിച്ചടിച്ചു.

പൗരത്വ നിയമ ഭേദഗതി നിയമം ഏതെങ്കിലും പ്രത്യേക മതത്തിന് എതിരല്ലെന്നും മുസ്‌ലീം സഹോദരങ്ങളെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചു എന്നുമായിരുന്നു ആര്‍എസ്എസ്  അധ്യക്ഷന്‍ മോഹന്‍ഭാഗവതിന്‍റെ പ്രസ്താവന. അങ്ങനെയെങ്കില്‍ പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും മുസ്‌ലിം വിഭാഗത്തിന് എതിരല്ലെങ്കില്‍ അവയില്‍നിന്ന് എല്ലാ മതങ്ങളെപ്പറ്റിയും ഉള്ള പരാമര്‍ശങ്ങള്‍  ഒഴിവാക്കാന്‍ ഒവൈസി ആവശ്യപ്പെട്ടു. പൗരത്വത്തിന്റെ അടിസ്ഥാനം മതമാണെന്ന് പറയുന്ന ഏത് നിയമത്തെയും എതിര്‍ക്കുമെന്നും ഒവൈസി പറഞ്ഞു. 

നാഗ്പൂരില്‍ നടന്ന ആര്‍എസ്എസ് വിജയദശമി റാലിയില്‍ സംസാരിക്കവെയാണ് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്  സിഎഎ, എന്‍ആര്‍സി എന്നിവ സംബന്ധിച്ച പരാമര്‍ശങ്ങള്‍ നടത്തിയത്. ആര്‍എസ്എസ് ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന് എതിരല്ലെന്നും  സിഎഎ രാജ്യത്തെ  ഒരു പൗരനും ഭീഷണിയല്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു.