ലഖ്നൗ: രാജ്യത്ത് സമാധാനം നിലനിര്‍ത്തുന്നതിനായി അയോധ്യ മുസ്ലിങ്ങള്‍ ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്ന് അലിഗഢ് മുസ്ലിം സര്‍വ്വകലാശാല മുന്‍ വിസി സമീര്‍ ഉദ്ദിന്‍ ഷാ. സുപ്രീംകോടതി മുസ്ലിങ്ങള്‍ക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചാലും അയോധ്യ ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കാന്‍ മുസ്ലിങ്ങള്‍ തയ്യാറാകണമെന്നും വിരമിച്ച ലഫ്റ്റനനന്‍റ് ജനറല്‍ കൂടിയായ അദ്ദേഹം പറഞ്ഞു.

ഹിന്ദുക്കള്‍ക്ക് അയോധ്യ വിട്ടുകൊടുക്കുകയാണെങ്കില്‍ തര്‍ക്കമില്ലാതെ പ്രശ്നം പരിഹാരിക്കാനാകുമെന്നും ഷാ പറഞ്ഞു. വ്യാഴാഴ്ച ഇന്ത്യന്‍ മുസ്ലിം ഫോര്‍ പീസ് എന്ന സംഘടനയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതിക്ക് പുറത്തുള്ള ഒത്തുതീര്‍പ്പിനെയും താന്‍ ശക്തമായി പിന്തുണയ്ക്കുന്നെന്നും ഷാ കൂട്ടിച്ചേര്‍ത്തു. 

അയോധ്യക്കേസിന്‍റെ വാദം അന്തിമ ഘട്ടത്തിലെത്തി നില്‍ക്കെയാണ് നിര്‍ണായക തീരുമാനവുമായി മുസ്ലിം സംഘടന രംഗത്തെത്തിയത്. അയോധ്യക്കേസില്‍  ഒക്ടോബര്‍ 17ന് വാദം കേള്‍ക്കല്‍ അവസാനിപ്പിക്കുമെന്ന് സുപ്രീം കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.