ദില്ലി: മുസഫർ നഗർ കലാപത്തിൽ ബിജെപി എംഎൽഎമാർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുന്നു. സംഗീത് സോം ഉൾപ്പടെ മൂന്ന് എംഎൽഎമാർക്കെതിരെ കേസ് പിൻവലിക്കാൻ ഉത്തർപ്രദേശ് സർക്കാർ കോടതിയിൽ അപേക്ഷ നൽകി. പ്രത്യേക അന്വേഷണ സംഘത്തിന്‍റ
ശുപാർശപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളാണ് പിൻവലിക്കുന്നത്.

2013 സെപ്റ്റംബറിൽ നടന്ന മുസഫർ നഗർ കലാപത്തിൽ അറുപതിലധികം പേരാണ് കൊല്ലപ്പെട്ടത്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വൻ ധ്രൂവീകരണത്തിന് കലാപം ഇടയാക്കിയിരുന്നു. ചില യുവാക്കൾക്കിടയിലുണ്ടായ സംഘർഷം പിന്നീട് കലാപമായി മാറുകയായിരുന്നു. മുസഫർനഗറിലെ നഗ്ല ഗ്രാമത്തിൽ നടന്ന മഹാപഞ്ചായത്തിൽ പങ്കെടുത്ത് മടങ്ങിയവർക്കെതിരെയുള്ള ആക്രമണവും ചിലർ ആയുധമാക്കി. 

ഇപ്പോൾ ബിജെപി എംഎൽഎമാരായ സംഗീത് സോം, സുരേഷ് റാണ, കപിൽ ദേവ് എന്നിവർ ഉൾപ്പടെ മഹാപഞ്ചായത്തിൽ പങ്കെടുത്ത പതിനാലു പേർക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട് പ്രകാരം കേസെടുത്തു. കേസെടുക്കുമ്പോൾ അഖിലേഷ് യാദവായിരുന്നു മുഖ്യമന്ത്രി. മുൻ കേന്ദ്രമന്ത്രി സഞ്ജീവ് ബല്ല്യാൻ്റെ നേതൃത്വത്തിലുള്ള നേതാക്കൾ യോഗി ആദിത്യനാഥ് ഭരണത്തിലെത്തിയപ്പോൾ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ജില്ലാ ഭരണകൂടത്തിൻ്റെ നിലപാട് നേരത്തെ ഉത്തർപ്രദേശ് സർക്കാർ തേടിയിരുന്നു. ജില്ലാ മജിസ്ട്രേറ്റിൻ്റെ ശുപാർശ കൂടി ഉൾപ്പെടുത്തിയാണ് കോടതിയിൽ സംസ്ഥാനം അപേക്ഷ നൽകിയിരിക്കുന്നത്.