ജയ്പൂർ: ഇന്ത്യൻ ആർമിയിൽ ചേരാനുള്ള ആ​ഗ്രഹം പ്രകടിപ്പിച്ച് ഹന്ദ്വാരയില്‍ ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ച കേണല്‍ അശുതോഷ് ശര്‍മയുടെ ഭാര്യ പല്ലവി ശര്‍മ. സൈന്യത്തിൽ ചേരാനുള്ള പ്രായം കഴിഞ്ഞുവെങ്കിലും ബന്ധപ്പെട്ട വകുപ്പ് ഇളവ് അനുവദിക്കുകയാണെങ്കില്‍ സൈന്യത്തിൽ ചേരാൻ ആ​ഗ്രഹിക്കുന്നുവെന്ന് പല്ലവി ശര്‍മ പറഞ്ഞു.

"എനിക്ക് സ്വയം സൈന്യത്തിൽ ചേരാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അതിന് കഴിഞ്ഞില്ല. എന്റെ പ്രായം അനുവദിക്കുകയും അധികൃതർ ഇളവ് നൽകുകയും ചെയ്യുന്നുവെങ്കിൽ, ഇന്ത്യൻ ആർമിയുടെ യൂണിഫോം ധരിക്കാൻ ഞാൻ ആ​ഗ്രഹിക്കുന്നു"പല്ലവി ശര്‍മ ഇന്ത്യാ ടുഡേയോട് പറഞ്ഞു.

"എന്റെ മകളെ സംബന്ധിച്ചിടത്തോളം, കഴിഞ്ഞ രണ്ട് ദിവസമായി അവൾ പലതും കാണുന്നുണ്ട്, അവളും സൈന്യത്തിൽ ചേരാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ കരുതുന്നു, എന്നാല്‍ തീരുമാനം അവളുടേതാണ്. അവള്‍ ഒരു നല്ല മനുഷ്യത്വമുള്ള, ഉത്തരവാദിത്തമുള്ള പൗരയായി മാറണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതാണ് കൂടുതല്‍ പ്രധാനം" പല്ലവി പറഞ്ഞു.

ജമ്മുകശ്മീരിലെ കുപ്വാര ജില്ലയിലെ ഹന്ദ്വാര പട്ടണത്തില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് കേണല്‍ അശുതോഷ് വീരമൃത്യു വരിച്ചത്. മേജര്‍ അനൂജ് സൂദ്, ജവാന്മാരായ രാജേഷ്, ദിനേശ് എന്നിവരും ജമ്മുകശ്മീര്‍ പൊലീസിലെ ഒരു എസ്ഐയും ഏറ്റുമുട്ടലിൽ കെല്ലപ്പെട്ടിരുന്നു. 21 രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റിന്റെ കമാന്‍ഡിംഗ് ഓഫീസറായിരുന്നു കേണല്‍ അശുതോഷ് രണ്ട് തവണ ധീരതയ്ക്കുള്ള മെഡല്‍ നേടിയിട്ടുണ്ട്.