ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ജയ്പൂരിലെ കടകൾ 'മൈസൂർ പാക്ക്' ഉൾപ്പെടെയുള്ള മധുരപലഹാരങ്ങളുടെ പേര് മാറ്റി. 'പാക്' എന്ന വാക്കിന് പകരം 'ശ്രീ' ചേർത്താണ് പുനർനാമകരണം.
ജയ്പൂർ: ഇന്ത്യ - പാകിസ്ഥാൻ സംഘർഷങ്ങൾക്കിടെ പാകിസ്ഥാനുമായി ബന്ധമുള്ള പലതിന്‍റെയും പേര് മാറ്റലുകളും പേര് മാറ്റാനുള്ള ശ്രമങ്ങളും നമ്മൾ കണ്ടതണ്. കറാച്ചി ബേക്കറിയുമായി ബന്ധപ്പെട്ട വിവാദം രാജ്യമാകെ ശ്രദ്ധയാകർഷിച്ചിരുന്നു. ഇപ്പോഴിതാ അതി പ്രശസ്തമായ ' മൈസൂർ പാക്ക് ' ഉൾപ്പെടെ വിവിധ മധുരപലഹാരങ്ങളുടെ പേര് മാറ്റിയ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. രാജസ്ഥാനിലെ ജയ്പൂരിലെ കടകളിലാണ് പ്രശസ്തമായ ' മൈസൂർ പാക്കി'നടക്കം പുതിയ പേരിട്ടത്. 'മൈസൂർ പാക്കി'ന്‍റെ പേര് 'മൈസൂർ ശ്രീ' യെന്നാക്കി മാറ്റുകയാണ് ഇവിടുത്തെ കടക്കാർ ചെയ്തത്.
തങ്ങളുടെ എല്ലാ മധുരപലഹാരങ്ങളുടെയും പേരിൽ നിന്ന് 'പാക്' എന്ന വാക്ക് നീക്കം ചെയ്ത് 'ശ്രീ' എന്ന് ഉപയോഗിച്ചതായി ഒരു കടയുടമ വ്യക്തമാക്കി. ഇതിന്‍റെ ചിത്രമടക്കം പുറത്തുവന്നിട്ടുണ്ട്. ഞങ്ങളുടെ മധുരപലഹാരങ്ങളുടെ പേരുകളിൽ നിന്ന് 'പാക്' എന്ന വാക്ക് നീക്കം ചെയ്തു. 'മോത്തി പാക്ക്' എന്നതിന്റെ പേര് 'മോത്തി ശ്രീ' എന്നും, 'ഗോണ്ട് പാക്ക്' എന്നതിന്റെ പേര് 'ഗോണ്ട് ശ്രീ' എന്നും, 'മൈസൂർ പാക്ക്' എന്നതിന്റെ പേര് 'മൈസൂർ ശ്രീ' എന്നും പുനർനാമകരണം ചെയ്തെന്നാണ് ഇവിടുത്തെ കടക്കാർ പറയുന്നത്.
മധുരപലഹാരങ്ങളിലെ 'പാക്' എന്ന വാക്ക് പാകിസ്ഥാനെയല്ല സൂചിപ്പിക്കുന്നതെന്നതാണ് യാഥാർത്ഥ്യംയ. കന്നഡയിൽ 'പാക്' എന്നുവച്ചാൽ അർത്ഥം മധുരം എന്നാണ്. അങ്ങനെയാണ് മധുര പലഹാരങ്ങളുടെ പേരിനൊപ്പം 'പാക്' കൂടി വന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം രാജ്യാന്തര തലത്തിൽ പാകിസ്ഥാനെ നയതന്ത്രപരമായി ഒറ്റപ്പെടുത്താനുള്ള നീക്കം സജീവമാക്കുകയാണ് ഇന്ത്യ. പ്രതിപക്ഷ നേതാക്കളടക്കം നയിക്കുന്ന ഏഴ് പ്രതിനിധി സംഘങ്ങളിൽ മൂന്നെണ്ണം നാളെയും മറ്റന്നാളുമായി റഷ്യയും യു എ ഇയുമടക്കമുള്ള പ്രധാനപ്പെട്ട സഖ്യരാജ്യങ്ങളിലേക്ക് യാത്ര തിരിക്കും. ഇവർക്കൊപ്പം വിദേശകാര്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമുണ്ടാകും. ശ്രീകാന്ത് ഏക്നാഥ് ഷിൻഡെ, സഞ്ജയ് കുമാർ ഷാ, കനിമൊഴി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് ആദ്യം പോകുന്നത്. ഇവരോട് ഇന്ന് പാർലമെന്‍റിൽ വച്ച് വിദേശകാര്യസെക്രട്ടറി വിക്രം മിസ്രി, ഇന്ത്യൻ നിലപാട് ലോകവേദിയിൽ അവതരിപ്പിക്കേണ്ടതെങ്ങനെ എന്ന് വിശദീകരിച്ചു. പാകിസ്ഥാനെയും ഇന്ത്യയെയും ഒരേ തട്ടിലല്ല കാണേണ്ടതെന്നും, പാക് ഭീകരതയുടെ ഇരയാണ് ഇന്ത്യ എന്നുമുള്ള നിലപാട് ലോകരാജ്യങ്ങളോട് ഇന്ത്യ ഉന്നയിക്കും. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന് സാമ്പത്തിക സഹായം നൽകരുതെന്ന ആവശ്യം ആഗോള സാമ്പത്തിക സ്ഥാപനങ്ങളുടെ മുന്നിലുയർത്താൻ ഇന്ത്യ വിവിധ രാജ്യങ്ങളുടെ പിന്തുണ തേടും. ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന് മുന്നിൽ പാകിസ്ഥാനെ കരിമ്പട്ടികയിൽ പെടുത്താൻ സമ്മർദ്ദം ചെലുത്തും. പഹൽഗാമിന്‍റെ ഉത്തരവാദിത്തമേറ്റെടുത്ത ദ റസിസ്റ്റൻസ് ഫോഴ്സ് എന്ന ടി ആർ എഫിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കാൻ യു എൻ രക്ഷാ സമിതി അംഗങ്ങളുടെ പിന്തുണ തേടും.


