നാല് മുതിർന്നവരും 13 കുട്ടികളുമാണ് രജൗരിയി ദുരൂഹ രോഗം മൂലം മരിച്ചത്.

ശ്രീനഗർ: ജമ്മു കശ്മീരിലെ ബദാല്‍ ഗ്രാമത്തില്‍ 17 പേര്‍ അജ്ഞാത രോഗം ബാധിച്ച് മരിച്ച സംഭവത്തില്‍ മെഡിക്കൽ അലർട്ട് കണക്കിലെടുത്ത് രജൗരി മെഡിക്കൽ കോളേജിലെ എല്ലാ ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും അവധി റദ്ദാക്കി. രോ​ഗം ബാധിച്ച മേഖലയിലെ ചില‍ർ ആശുപത്രികളിൽ ചികിത്സയിലാണ്. മരിച്ചവരുടെ 200ഓളം ബന്ധുക്കളെ ഐസൊലേഷൻ സെൻ്ററിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതികൂല സാഹചര്യത്തെ നേരിടാൻ ഡോക്ടർമാരുടെ ഉൾപ്പെടെ ശൈത്യകാല അവധികൾ റദ്ദാക്കിയതായി രജൗരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. അമർജീത് സിംഗ് ഭാട്ടിയ പറഞ്ഞു. ദുരൂഹമായ രോഗത്തിൻ്റെ പ്രഭവകേന്ദ്രമായ ബദാൽ ഗ്രാമം കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ പൊതു-സ്വകാര്യ സമ്മേളനങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. 

ബദാൽ ഗ്രാമത്തിലെ മുഹമ്മദ് ഫസൽ, മുഹമ്മദ് അസ്ലം, മുഹമ്മദ് റഫീഖ് എന്നിവരുടെ കുടുംബത്തിലെ നാല് മുതിർന്നവരും 13 കുട്ടികളുമാണ് ദുരൂഹ രോഗം മൂലം മരിച്ചത്. മരിച്ചവരുടെ ശരീരത്തിൽ കീടനാശിനിയായ ആല്‍ഡികാര്‍ബിന്റെയും കാഡ്മിയത്തിന്റെയും അംശം കണ്ടെത്തിയിരുന്നു. ലഖ്നൗവിലെ സിഎസ്‌ഐആര്‍-ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടോക്‌സിക്കോളജി റിസര്‍ച്ച് മരിച്ചവരുടെ ദേഹത്ത് നിന്നെടുത്ത സാമ്പിളുകളില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് കീടനാശിനിയില്‍ ഉപയോഗിക്കുന്ന ആല്‍ഡികാര്‍ബ്, കാഡ്മിയം എന്നിവയടക്കമുള്ള ന്യൂറോടോക്‌സിനുകളുടെ അംശം കണ്ടെത്തിയത്. ഭക്ഷണത്തിലൂടെയാണ് ഇവ ഉള്ളിലെത്തിയത് എന്നാണ് പ്രാഥമിക നിഗമനം. 

READ MORE: ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നാളെ മുതൽ; ഓൺലൈൻ പോർട്ടൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും